ഇന്ത്യൻ ആർമിയുടെ അഭിമാനമായ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ശിവകാർത്തികേയൻ ചിത്രം അമരന്റെ ട്രെയിലർ റിലീസ് ചെയ്തു. ആവേശവും രോമാഞ്ചവും നിറയ്‌ക്കുന്ന ട്രെയിലറിൽ ശിവകാർത്തികേയൻ സായ് പല്ലവി എന്നിവരുടെ മികച്ച പ്രകടനം ഉറപ്പുനൽകുന്ന സൂചനയാണുള്ളത്. ആക്ഷനൊപ്പം ഇമോഷൻസിനും പ്രാധാന്യം നൽകുന്നതാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. 2 മിനിട്ട് 20 സെക്കൻഡാണ് ദൈർഘ്യം.
ചടുലമായ ആക്ഷൻ സീക്വൻസുകളും വൈകാരികമായ നിരവധി മുഹൂർത്തങ്ങളും ട്രെയിലറിലുണ്ട്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം രാജ് കമൽ ഇൻ്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും സോണി പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്. ഭുവൻ ആരോറ, രാഹുൽ ബോസ്, മലയാളി സംവിധായകൻ ശ്യാമ പ്രസാദ് എന്നിവരെയും ട്രെയിലറിൽ കാണാം.
മേജർ വരദരാജന്റെ ധീരതയെക്കുറിച്ച് ശിവ് അരൂരും രാഹുൽ സിംഗും രചിച്ച ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി എന്ന പുസ്തക പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിവി പ്രകാശ് കുമാർ ആണ് സംഗീതം പകർന്നിരിക്കുന്നത്. സിഎച്ച് സായി ആണ് ഛായഗ്രാഹണം. 31ന് ചിത്രം തിയേറ്ററിലെത്തും.















