കൊച്ചി; ഉടനെങ്ങും താൻ കേരളം വിട്ടുപോകില്ലെന്ന് നടൻ ബാല. ബന്ധു കോകിലയുമായുളള വിവാഹത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കേരളം വിടില്ലെന്ന് നടൻ വ്യക്തമാക്കിയത്. അടുത്തിടെ കേസിൽപെട്ടതിന് പിന്നാലെ കേരളം വിടുകയാണെന്നും ആരും തിരക്കി വരരുതെന്നും നടൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ന് ബാലയുടെ വിവാഹം.
“കേരളം ഭയങ്കര ഇഷ്ടമാണ്. നിങ്ങളെയെല്ലാം അങ്ങനെ ഇട്ടേച്ച് പോകില്ല. കുറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ഞാൻ ജീവിതത്തിൽ പഠിച്ച ഒരു കാര്യമുണ്ട്. എന്റെ അനുഭവത്തിൽ നിന്ന് പഠിച്ച കാര്യമാണ്. ഇപ്പോ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകില്ല. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ട്. അത് നൻമ ചെയ്യുന്ന വഴിയാണെന്നും” ബാല പറഞ്ഞു.
99 പേർക്ക് നൻമ ചെയ്തിട്ട് ഒരാൾ കുറ്റപ്പെടുത്തിയാൽ ശരിയാവില്ല. എല്ലാവരും സന്തോഷത്തോടെയിരിക്കണം. കാലം വളരും തോറും പക്വത കൂടും. നമ്മൾ സ്‌നേഹിക്കുന്നവരെക്കാൾ നമ്മളെ സ്‌നേഹിക്കുന്നവരെ ഇഷ്ടപ്പെട്ടാൽ നല്ലതായിരിക്കുമെന്ന ഡയലോഗ് ആയിരുന്നു കോകിലയുമായുളള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബാലയുടെ മറുപടി. നമുക്കും കുടുംബജീവിതം ഉണ്ട്. നമ്മളെ സ്‌നേഹിക്കുന്നവർ ഉണ്ട്. നല്ല ഒരു കുടുംബജീവിതത്തിലേക്ക് പോകുന്നുവെന്നും ബാല പറഞ്ഞു.
വിവാഹത്തിന് പിന്നാലെ താൻ നായകനായി അഭിനയിക്കുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് നടക്കുന്ന കാര്യവും നടൻ സൂചിപ്പിച്ചു. നടൻ ശ്രീനിവാസനാണ് പേര് പ്രഖ്യാപിക്കുന്നത്. ഒരു വർഷത്തിന് ശേഷമായിരിക്കും സിനിമ വരികയെന്നും ബാല പറഞ്ഞു.