കൊച്ചി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ ഐകകണ്ഠേന പ്രമേയം പാസാക്കിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭയിലെ മുതിർന്ന വൈദികനും, കുടമാളൂർ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. മാണി പുതിയിടം. എന്റെ പൊന്ന് സതീശാ, പിണറായി ആരെ കണ്ടുകൊണ്ടാണ് ഇതൊക്കെ പാസാക്കി കൊണ്ടുപോകുന്നതെന്ന് ഫാ. മാണി പുതിയിടം ചോദിച്ചു.
സത്യമെന്ന് പറയുന്ന ഒന്നില്ലേ? നീതി എന്ന് പറയുന്ന ഒന്നില്ലേ? മനസാക്ഷി ഇല്ലേ? വോട്ട് ബാങ്കിനെ ഭയപ്പെട്ട് മിണ്ടാതെയിരിക്കുന്ന നിങ്ങളാണോ നേതാക്കൻമാര്? നിങ്ങളാണോ മനുഷ്യരെ സംരക്ഷിക്കുന്നവർ. ഇതൊക്കെ ശരിയായ നിലപാടല്ല. അവിടെ കൂടുന്ന ആളുകളെ കാണാൻ പാടില്ലേ? അവിടെ സമരമിരിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വരുന്നത് എത്ര ആളുകളാണ്. അതുകൊണ്ട് തിരുത്തേണ്ടത് തിരുത്താനാണ് തയ്യാറാകേണ്ടത്. പളളികൾ ഉൾപ്പെടെ ഏറ്റെടുത്ത് വഖഫ് ബോർഡിന്റെ വകയാണെന്ന് പറയുന്ന സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യുമെന്നും ഫാ. മാണി പുതിയിടം ചോദിച്ചു. മുനമ്പത്തെ വഖഫ് ബോർഡ് അധിനിവേശത്തിലാണ് ഫാ. മാണി പുതിയിടത്തിന്റെ പ്രതികരണം. വൈദികന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിലും സജീവ ചർച്ചയായിക്കഴിഞ്ഞു.
നിങ്ങൾ ആരെ കണ്ടിട്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്? നിങ്ങൾ ആർക്ക് വേണ്ടിയിട്ടാണ് നിലനിൽക്കുന്നത്? നിങ്ങൾക്ക് ഈ വോട്ട് ബാങ്ക് മാത്രം നോക്കിയാൽ മതിയോ? ബാക്കിയുളളവർക്ക് ഇവിടെ ജീവിക്കണ്ടേയെന്നും ഫാ. മാണി പുതിയിടം ചോദിക്കുന്നു. പുനർവിചിന്തനം നടത്തിയാൽ നിങ്ങൾക്ക് നല്ലത്. അല്ലെങ്കിൽ പൂർണമായി നിങ്ങൾക്കെതിരായി ജനസമൂഹം തിരിയും. മനുഷ്യരുടെ വേദന കണ്ണ് തുറന്ന് കാണാൻ കഴിയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
മുനമ്പത്ത് വഖഫ് ബോർഡ് അധിനിവേശത്തിൽ കിടപ്പാടം നഷ്ടപ്പെടുന്ന 610 കുടുംബങ്ങൾ സ്വന്തം ഭൂമി സംരക്ഷിക്കാൻ റിലേ നിരാഹാര സമരമടക്കമുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമ്പോൾ വഖഫ് ബോർഡിനെതിരെ പരസ്യ പ്രതികരണത്തിന് ഇടതു-വലതു മുന്നണികൾ തയ്യാറാകാത്തതാണ് ക്രൈസ്തവ വിഭാഗത്തിന്റെയും വൈദികരുടെയും രൂക്ഷ വിമർശനത്തിന് കാരണം.
കഴിഞ്ഞ ആഴ്ചയാണ് കേരള നിയമസഭ കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ ഐകകണ്ഠേന പ്രമേയം പാസാക്കിയത്. മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷവും അംഗീകരിക്കുകയായിരുന്നു. ഇതും ക്രൈസ്തവ സഭാ നേതൃത്വങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് ഈ പ്രതികരണങ്ങളിൽ വ്യക്തമാകുന്നത്.