അങ്കാറ: തുർക്കി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. 22 പേർക്ക് പരിക്കേറ്റു. തുർക്കി എയ്‌റോസ്പേസ് ആൻഡ് ഡിഫൻസ് കമ്പനിയായ ടർക്കിഷ് എയ്‌റോസ്പേസ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനത്താണ് കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് ഭീകരരെ വധിച്ചതായി തുർക്കിയുടെ ആഭ്യന്തരമന്ത്രി അലി യെർലിക്കായ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ആക്രമണം നടക്കുമ്പോൾ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലായിരുന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ചയിലായിരുന്നു. ഹീനമായ ഭീകരാക്രമണമാണ് നടന്നതെന്ന് എർദോഗൻ അപലപിച്ചതായി മദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ന് നടന്ന ആക്രമണത്തിൽ സ്ഥലത്ത് വലിയ സ്ഫോടനവും വെടിവയ്പ്പുമുണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന. പ്രദേശത്ത് നിന്ന് ലഭിച്ച സുരക്ഷാ ക്യാമറയിലെ ചിത്രങ്ങളിൽ ആയുധധാരികളായ സ്ത്രീകളുടെ ചിത്രങ്ങളും പതിഞ്ഞിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, അന്വേഷണം ആരംഭിച്ചതായി തുർക്കി നീതിന്യായ മന്ത്രി പറഞ്ഞു. സർക്കാരിനെതിരെ പതിറ്റാണ്ടുകളായി കലാപത്തിലേർപ്പെട്ടിരിക്കുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി (PKK) ആക്രമണത്തിന് ബന്ധമുണ്ടാകാമെന്ന് തുർക്കി പ്രസിഡന്റ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. തുർക്കി നിയമസഭാംഗങ്ങളും ലോകനേതാക്കളും ആക്രമണത്തെ അപലപിച്ചു.















