ഭുവനേശ്വർ: ദന ചുഴലിക്കാറ്റ്, മണിക്കൂറിൽ 100 മുതൽ 120 കീലോമീറ്റർ വരെ വേഗതയിൽ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ- മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ദന ചുഴലിക്കാറ്റ് ഇതിനോടകം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് ഒഡിഷയിലെ ഭിതർകനിക, ധമ്ര തീരങ്ങളിൽ കരതൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒഡിഷയിലെ ജഗത്സിംഗ്പൂർ, കേന്ദ്രപദ, ഭദ്രക്, ബാലസോർ, പശ്ചിമ ബംഗാളിലെ മേദിനിപൂർ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വ്യക്തമാക്കി.
ദന ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഒഡിഷയിൽ 150-ലധികം ട്രെയിനുകൾ റദ്ദാക്കി.14 ജില്ലകളിൽ നിന്നായി 10 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ടെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ അറിയിച്ചു.
പശ്ചിമ ബംഗാളിൽ ഏഴ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26-ാം തീയതി വരെ അവധി പ്രഖ്യാപിച്ചു. ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ ദേശീയ- സംസ്ഥാന ദുരന്ത നിവരാണ സേനകളും മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി 150-ലധികം എൻഡിആർഎഫ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.