മുംബൈ: അടുത്തമാസം നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ എങ്ങുമെത്താതെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ (MVA) സഖ്യത്തിന്റെ സീറ്റ് വിഭജനം. ഒടുവിലത്തെ ചർച്ചകളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 288 മണ്ഡലങ്ങളിൽ മൂന്ന് പാർട്ടികൾക്കും 85 സീറ്റുകൾ വീതം ലഭിച്ചു. അതേസമയം രണ്ടു ദിവസത്തെ മാരത്തൺ യോഗങ്ങൾക്കു ശേഷവും തർക്കം നിലനിൽക്കുന്ന 33 സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
100 സീറ്റുകളിൽ കൂടുതൽ വേണമെന്ന് അവകാശ വാദമുന്നയിച്ച കോൺഗ്രസിന്റെ മോഹങ്ങൾക്കാണ് സീറ്റ് വിഭജന ചർച്ചകളിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. എന്തുവിലകൊടുത്തും 105 സീറ്റുകൾ നേടിയെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വിദർഭയിലെയും മുംബൈയിലെയും സീറ്റുകളുടെ കാര്യത്തിൽ പരിഹാരം ആയിട്ടില്ലെന്നും ചർച്ചകളിൽ ശിവസേന പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്.
ഉദ്ധവ് താക്കറെയുടെ ശിവസേനയും 100 സീറ്റുകളിൽ കൂടുതൽ വേണമെന്ന അവകാശവാദമുന്നയിച്ചിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ബുധനാഴ്ച വൈകുന്നേരം മുംബൈയിൽ നടന്ന കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ), ശിവസേന (UBT) എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ എംവിഎ ഒറ്റക്കെട്ടാണെന്ന് നേതാക്കൾ ആവർത്തിച്ചു.
“ഞങ്ങൾ ഒരു സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ഇതുവരെ 270 സീറ്റുകളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. 85-85-85 എന്ന ഫോർമുല എല്ലാവരും സമ്മതിച്ചു. ബാക്കിയുള്ള സീറ്റുകളിൽ വ്യക്തത വരുത്തിയ ശേഷം മറ്റ് സഖ്യകക്ഷികളുമായി ഞങ്ങൾ നാളെ സംസാരിക്കും,” ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു .