മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖ് വധക്കേസിൽ 11-ാം പ്രതിയായ അമിത് ഹിസാംസിംഗിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നവംബർ നാല് വരെയാണ് പ്രതിയെ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. ബാബാ സിദ്ദിഖിനെ കൊലപ്പെടുത്തുന്നതിന് ബിഷ്ണോയി സംഘം നടത്തിയ ഗൂഢാലോചനയിൽ പ്രതിയുടെ പങ്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ കൈതാൽ സ്വദേശിയാണ് കേസിലെ 11-ാം പ്രതിയായ അമിത് ഹിസാംസിംഗ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കൊലപാതകത്തിന് മുന്നോടിയായി പ്രതികൾ പരിശീലനം നടത്തിയിരുന്നതായും ഇതിനായി വനമേഖലകളിൽ തമ്പടിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഈ മാസം 12-ാം തീയതിയാണ് ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടത്. ബാബാ സിദ്ദിഖിന്റെ മകൻ സീഷൻ സിദ്ദിഖിന്റെ ഓഫീസിലേക്കെത്തിയ അദ്ദേഹത്തെ അക്രമികൾ വെടിവയ്‌ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബിഷ്‌ണോയ് സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സൽമാൻ ഖാനുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു ബാബാ സിദ്ദിഖ്. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ. സീഷൻ സിദ്ദിഖിനെ കൊലപ്പെടുത്താനും അക്രമികൾ പദ്ധതിയിട്ടിരുന്നു.















