ബെംഗളൂരു: മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവിന്റെ കുറ്റപ്പെടുത്തലിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കർണ്ണാടക കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്.
നാലുമാസം മാസം മുമ്പാണ് യുവതി മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിൽ ഭർത്താവിൽ നിന്നും കടുത്ത മാനസിക പീഡനമാണ് യുവതി നേരിട്ടത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം മുതൽ മകൾ അപമാനം സഹിക്കുകയാണെന്ന് യുവതിയുടെ പിതാവ് ബാസപ്പ, പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാൾ പൊലീസ് കേസെടുത്തു. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.