പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ പോലീസ് തടവിലാക്കിയതായി പരാതി. കർണാടകയിലെ ഹാവേരി വനിതാ പോലീസ് സ്‌റ്റേഷനു മുന്നിലാണ് പ്രദീപ് ബങ്കർ എന്ന യുവാവിന്റെ പ്രതിഷേധം .
ഹവേരി ജില്ലയിലെ റാണെബന്നൂർ താലൂക്കിലെ മെദ്‌ലേരി ഗ്രാമവാസിയായ പ്രദീപും മുസ്ലീം വിശ്വാസിയായ തൻജീം ഭാനുവും തമ്മിൽ പ്രണയത്തിലായിരുന്നു. തൻജിം ഭാനുവിനെ മൂന്ന് ദിവസം മുൻപാണ് പ്രദീപ് വിവാഹം കഴിച്ചത് .വിവാഹത്തിന് യുവതിയുടെ വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങിയ ഇരുവരും ധർമ്മസ്ഥലത്ത് എത്തിയാണ് വിവാഹിതരായത്.
തുടർന്ന് ദമ്പതികൾ നേരിട്ട് ഹാവേരി വനിതാ പോലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു. എന്നാൽ പോലീസ് തൻജീം ഭാനുവിന്റെ വീട്ടുകാർക്ക് ഒത്താശ നൽകി യുവതിയെ വനിതാ സാന്ത്വന കേന്ദ്രത്തിലേക്ക് അയച്ചു. തുടർന്നാണ് ഭാര്യയെ തടവിലാക്കിയെന്നും , തന്റെ കൂടെ അയക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് പ്രതിഷേധിച്ചത് . വിഷയത്തിൽ എസ്പി അൻഷുകുമാറിനോട് ജില്ലാ അധികൃതർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം തനിക്ക് വീട്ടിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും , തനിക്ക് പ്രദീപിനൊപ്പം ജീവിക്കണമെന്നും തൻജീം ഭാനു പറഞ്ഞു.