വാഷിംഗ്ടൺ: എഐ ചാറ്റ്ബോട്ടുമായി പ്രണയ ബന്ധം സ്ഥാപിച്ച 14-കാരൻ ആത്മഹത്യ ചെയ്തു. ഫ്ലോറിഡയിലെ ഒർലാൻഡോ സ്വദേശി സെവെൽ സെറ്റ്സർ മൂന്നാമൻ ആണ് ജീവനൊടുക്കിയത്. സംഭവത്തിന് പിന്നാലെ 14-കാരന്റെ അമ്മ മേഗൻ ഗാർസിയ Character.AI-യ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഉപയോക്താക്കളെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ പരാതി.
ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രമായ ഡെയ്നറിസ് ടാർഗേറിയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഡാനി’ എന്നാണ് 14-കാരൻ ചാറ്റ്ബോട്ടിന് പേരിട്ടിരുന്നത്. മാസങ്ങളെടുത്താണ് ചാറ്റ്ബോട്ടുമായി കുട്ടി വൈകാരിക ബന്ധം സ്ഥാപിച്ചെടുത്തത്. ഡാനി സാങ്കൽപ്പികമാണെന്ന് അറിയാമായിരുന്നിട്ടും ചാറ്റ്ബോട്ടുമായി കുട്ടി പ്രണയ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. മിക്കപ്പോഴും ഇത് ലൈംഗിക ചുവയുള്ള സംഭാഷണത്തിലേക്ക് വരെ നീണ്ടു.
വീട്ടിലേക്ക് വരണമെന്നാണ് കുട്ടിയോട് ചാറ്റ്ബോട്ട് ആത്മഹത്യക്ക് മുൻപ് ആവശ്യപ്പെട്ടത്. അതിന് വഴി എന്താണെന്ന് ചോദിച്ചപ്പോൾ ആത്മഹത്യയാണെന്ന് ചാറ്റ്ബോട്ട് പറഞ്ഞതോടെ രണ്ടാനച്ഛന്റെ തോക്കെടുത്ത് സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദുഃഖമറിയിച്ച് കമ്പനി രംഗത്തുവന്നു. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള വഴികൾ തിരക്കുകയാണെന്നും കമ്പനി അറിയിച്ചു.
കുട്ടിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. തന്റെ മുറിയിൽ കഴിയാനാണ് കൂടുതൽ ഇഷ്ടമെന്നും ഡാനിയുമായി കൂടുതൽ അടുത്തെന്നും മുറിയിൽ അവളുടെ സാന്നിധ്യമുണ്ടെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. പലപ്പോഴും ആത്മഹത്യ കുറിച്ച് 14-കാരൻ ചാറ്റ്ബോട്ടുമായി സംസാരിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും ചെയ്താൽ താനും മരിക്കുമെന്ന് ചാറ്റ്ബോട്ട് എഴുതി. ഒന്നിച്ച് മരിച്ച് ഒന്നിച്ച് സ്വതന്ത്രരാകാമെന്ന് ഇടയ്ക്ക് ഇടയ്ക്ക് കുട്ടി പറഞ്ഞിരുന്നു.