ചെന്നൈ: യൂട്യൂബർ മുഹമ്മദ് ഇർഫാൻ തന്റെ ഭാര്യയുടെ പ്രസവത്തിനിടെ പൊക്കിൾ കൊടി മുറിക്കുന്ന രംഗം ചിത്രീകരിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്ത സംഭവത്തിൽ ഷോളിങ്ങനല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് വിലക്ക്. അമ്മമാരുടെ പ്രസവത്തിനു മുമ്പുള്ള പരിചരണം ഒഴികെ
മറ്റെല്ലാ മെഡിക്കൽ സേവനങ്ങളും നൽകുന്നതിൽ നിന്ന് വ്യാഴാഴ്ച മുതൽ 10 ദിവസത്തേക്കാണ് വിലക്കിയത്. 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
യൂട്യൂബർ മുഹമ്മദ് ഇർഫാൻ നവജാത ശിശുവിന്റെ പൊക്കിൾക്കൊടി ഓപ്പറേഷൻ തിയറ്ററിൽ വെച്ച് മുറിക്കുന്ന വീഡിയോ വിവാദമായതിനെ തുടർന്ന് മെഡിക്കൽ റൂറൽ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് (ഡിഎംഎസ്) ആണ് ബുധനാഴ്ച ഉത്തരവിറക്കിയത്.
നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിയ്‌ക്കാനും ഓപ്പറേഷൻ തിയറ്ററിനുള്ളിൽ യൂട്യൂബറിനെ പ്രവേശിപ്പിച്ച് കാമറ ഉപയോഗിച്ച് ഷൂട്ടിങ് നടത്താനും അനുമതി നൽകിയ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ തമിഴ്‌നാട് മെഡിക്കൽ കൗൺസിലിനോട് (ടിഎംസി) ഡിഎംഎസ് ശുപാർശ ചെയ്തു.
ഷോളിങ്ങനല്ലൂരിലെ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയുടെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് രജിസ്‌ട്രേഷൻ പിൻവലിച്ചതായും നിലവിൽ ചികിൽസയിൽ കഴിയുന്ന ഗർഭിണികൾ ഒഴികെയുള്ള എല്ലാ രോഗി പരിചരണ പ്രവർത്തനങ്ങളിൽ നിന്നും ആശുപത്രിയെ വിലക്കിയതായും മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ.ജെ.രാജമൂർത്തി പറഞ്ഞു.
ഒക്‌ടോബർ 19- നാണ് ഭാര്യയുടെ പ്രസവത്തിന്റെ വീഡിയോ യൂട്യൂബർ പുറത്തുവിട്ടത്. ഭാര്യയുടെ ആശുപത്രി വാസവും തുടർന്നുള്ള സിസേറിയനും ഉൾപ്പെടുന്ന വീഡിയോ ജൂലൈയിലാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിൽ കുഞ്ഞ് ജനിച്ചതിന് ശേഷം ഡോക്ടർ ശസ്ത്രക്രിയക്കുള്ള കത്രിക യൂട്യൂബർക്ക് കൈമാറുകയും , തുടർന്ന് അയാൾ പൊക്കിൾക്കൊടി മുറിയ്‌ക്കുകയുമായിരുന്നു. പിന്നീട് അയാൾ ഈ യുട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്തു.
തന്റെ ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തുന്ന ഒരു വീഡിയോ മെയ് മാസത്തിൽ ഇതേ യൂട്യൂബർ പോസ്റ്റ് ചെയ്തിരുന്നു.ഈ വിഷയത്തിലും ഡയറക്ടറേറ്റ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.