ന്യൂഡൽഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ ജനങ്ങൾ ഇനിയും കോൺഗ്രസിന്റെ കെണിയിൽ വീഴരുതെന്ന് ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം. വയനാട്ടിലെ ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് വികസനവും സുരക്ഷയും അടിസ്ഥാന സൗകര്യവുമാണ്. അവർ ആദ്യം രാഹുലിനെ വിജയിപ്പിച്ചു. പക്ഷെ രാഹുൽ അഞ്ച് വർഷവും ഒന്നും ചെയ്തില്ല. ഇപ്പോൾ അവരുടെ കെണിയിൽ വീണ്ടും വീഴരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ വയനാട്ടുകാർ ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കണമെന്നും ദുഷ്യന്ത് ഗൗതം ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും പ്രിയങ്കയെയും കോൺഗ്രസിനെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പ്രിയങ്ക വയനാട്ടിലേക്ക് ഓടിപ്പോയതാണെന്നും സുരക്ഷിതമെന്ന് ഉറപ്പുളള മണ്ഡലങ്ങളിൽ മാത്രമേ അവർ മത്സരിക്കൂവെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. മുസ്ലീം വോട്ടുകൾ 30 ശതമാനമോ അതിലധികമോ ഉളള മണ്ഡലങ്ങളാണ് അവർക്ക് സുരക്ഷിതമെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ വിജയിച്ചെങ്കിലും എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് എംപി സ്ഥാനം രാഹുൽ ഒഴിയുകയായിരുന്നു. തുടർന്നാണ് പ്രിയങ്കയെ കന്നി അങ്കത്തിനായി വയനാട്ടിലേക്ക് അയച്ചത്.
അതേസമയം മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികളിൽ നിന്ന് പൂർണമായി ജനങ്ങൾ മുക്തമാകുന്നതിന് മുൻപാണ് ഒരു തെരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കേണ്ടി വരുന്നത്. പുനരധിവാസ പ്രവർത്തനങ്ങളെ ഉൾപ്പെടെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ നാട്ടുകാർ ഉയർത്തിയിരുന്നു. നാട്ടുകാരുടെ ഈ വികാരം കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നവ്യ ഹരിദാസ് ആണ് പ്രിയങ്കയെ നേരിടുന്ന എൻഡിഎ സ്ഥാനാർത്ഥി.