തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവ് പി.പി ദിവ്യയ്‌ക്കെതിരെ കുരുക്ക് മുറുകുമെന്ന് സൂചനകൾ. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ തലശേരി കോടതിയിൽ നടന്ന വാദത്തിനിടെ ഗൗരവമായ വിഷയങ്ങളാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും പ്രോസിക്യൂഷനും ഉയർത്തിയത്.
നവീൻ ബാബു അഴിമതിക്കാരനാണ് എന്ന് സ്ഥാപിക്കാൻ ദിവ്യ ചൂണ്ടിക്കാട്ടിയ മറ്റൊരു പരാതിക്കാരൻ ഗംഗാധരന്റെ പരാതിയിൽ കൈക്കൂലി എന്നൊരു വാക്ക് ഇല്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ വീഴ്‌ച്ചയാണ് പരാതിയിൽ പറയുന്നത്. അതാണ് ദിവ്യ എഡിഎമ്മിനെതിരെ ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ചത്. എഡിഎമ്മിനെതിരെ മാത്രമല്ല. അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ഗംഗാധരന്റെ പരാതിയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.
പ്രോട്ടോകോൾ ലംഘിച്ച് പമ്പിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടതും അഴിമതിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ ഈ വാക്കുകളാണ് ദിവ്യയ്‌ക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക. പൊതുപ്രവർത്തകയെന്ന നിലയിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വഴിവിട്ട നീക്കത്തിന് കൂട്ടുനിൽക്കുകയായിരുന്നു ദിവ്യയെന്നാണ് പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നത്.
പ്രശാന്തന്റെ പെട്രോൾ പമ്പ് തുടങ്ങുന്ന സ്ഥലം പോയി കാണാൻ എഡിഎമ്മിനോട് പറയാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അംഗീകാരമെന്നും അഭിഭാഷകൻ ചോദിച്ചു. കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നു. നേരത്തെ പ്ലാൻ തയ്യാറാക്കി. കൃത്യമായ ആസൂത്രണവും ലക്ഷ്യവും ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക സംവിധാനങ്ങൾക്കാണ്. അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. പ്രശാന്തും ദിവ്യയും ഒരേ നക്‌സസിന്റെ ഭാഗം. ബിനാമി ഇടപാടും അതിലെ ദിവ്യയുടെ പങ്കും അന്വേഷിക്കണം. പമ്പിന് അനുമതി നൽകണമെന്ന് ദിവ്യ ഫോണിലൂടെ ആവശ്യപ്പെട്ടു. നിയമം നോക്കി നൽകാമെന്ന് എഡിഎം മറുപടി നൽകി. നിയമ വിരുദ്ധമായി അനുമതി നൽകാത്തതിനാൽ ദിവ്യയ്‌ക്ക് എഡിഎമ്മിനോട് വൈരാഗ്യവും ഉണ്ടായെന്ന് ഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദിവ്യയുടെ ആരോപണങ്ങൾക്ക് ആ വേദിയിൽ തിരിച്ചുപറയാഞ്ഞത് നവീൻ ബാബുവിന്റെ മാന്യതയായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിധിയിൽ വരില്ല. പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു. ദിവ്യ തന്റെ അധികാരപരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചുവെന്നും ഇത് അഴിമതിക്ക് തുല്യമാണെന്നും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ എസ് റാൽഫ് ചൂണ്ടിക്കാട്ടി.