ന്യൂഡൽഹി: വിമാനങ്ങളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇൻഡിഗോ എയർലൈൻസിന്റെ 20 ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. പിന്നാലെ യത്രക്കാരെ സുരക്ഷിതമാക്കിയെന്ന് അധികൃതർ അറിയിച്ചു.
ചണ്ഡിഗഡിൽ നിന്നും അഹമ്മദാബാദിലേക്ക് പോകുന്ന 6E 112, ഗുവാഹത്തിയിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന 6E 394, ഹൈദരാബാദിൽ നിന്നും ഗോവയിലേക്ക് പോകുന്ന 6E 362, കൊൽക്കത്തയിൽ നിന്നും ഹൈദാരാബാദിലേക്ക് പോകുന്ന 6E 334 തുടങ്ങിയ 20 വിമാനങ്ങൾക്കാണ് സന്ദേശമെത്തിയത്. ഇതോടെ വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു.
യാത്രക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. തുടർച്ചയായി ലഭിക്കുന്ന വ്യാജ ബോംബ് ഭീഷണികൾ ഗൗരവത്തോടെ നിരീക്ഷിക്കുകയാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇന്ന് മാത്രം 85 ലധികം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയെത്തിയത്. എയർ ഇന്ത്യയുടെ 20, ഇൻഡിഗോയുടെ 20, വിസ്താരയുടെ 20, ആകാശയുടെ 25 വിമാനങ്ങൾക്കാണ് സന്ദേശമെത്തിയത്. രണ്ടാഴ്ചയായി 250 ലധികം വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായി.















