ഇടുക്കി: കൈക്കൂലി കേസിൽ മുൻ ഇടുക്കി ഡിഎംഒ ഡോ. എൽ. മനോജിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഏജൻസി മനോജിന്റെ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു മനോജിനെതിരായ കേസ്. കൈക്കൂലി ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ ഈ മാസം 7ന് ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നാലെ ഇദ്ദേഹം അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സസ്‌പെൻഷന് സ്റ്റേ വാങ്ങി. ഈ മാസം 9 നാണ് മനോജ് വിജിലൻസിന്റെ പിടിയിലായത്. മനോജിന് വേണ്ടി ഗൂഗിൾപേയിൽ പണം വാങ്ങിയ ഇടനിലക്കാരനും ഡ്രൈവറുമായ രാഹുൽരാജിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.