പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിന് ഇരുട്ടടി. മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനി രാമുണ്ണിയുടെ മകനുമായ വി.ആർ മോഹൻദാസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആണ് അദ്ദേഹത്തെ ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചത്.
2011 ൽ കെപിസിസി വിജാർ വിഭാഗിന്റെ പാലക്കാട് ജില്ലാ ചെയർമാൻ ആയി ചുമതലയേറ്റു. കഴിഞ്ഞ 14 വർഷമായി പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ അച്ഛനിൽ നിന്നുൾക്കൊണ്ട പ്രചോദനത്തിൽ ഗാന്ധിയൻ ചിന്തയിൽ ബിരുദാനന്തര ബിരുദം നേടി. പാലക്കാട് വിജാർ വിഭാഗിന്റെ ജില്ലാ ചെയർമാനായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച വ്യക്തിയാണ്. നേരത്തെ കാനറ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടുത്തെ കോൺഗ്രസ് യൂണിയന്റെ സംസ്ഥാന ചീഫ് ആയിരിക്കെ 2010 ൽ സ്വയം വിരമിച്ചു.
റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ടായി 2009 മുതൽ പ്രവർത്തിച്ചുവരുന്നു. സനാതന ധർമ്മ നവോത്ഥാന സമിതി (ഭഗവത്ഗീത മത്സരത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ തുക സമ്മാനം നൽകുന്ന സംഘടന) പ്രസിഡന്റ്, എന്ന നിലയിലും പ്രവർത്തിക്കുന്നു.
ടി.എൻ രാമുണ്ണി മേനോന്റെയും(19021992) മൂകാംബിക മേനോന്റെയും മകനായി പാലക്കാട് മാങ്കുറുശ്ശി വളൂർ വീട്ടിൽ ജനനം. അച്ഛൻ ഗവൺമെൻറ് ജോലി രാജിവച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുകയും കെപിസിസിയുടെ ജനറൽ സെക്രട്ടറി ആയിരിക്കെ സിവിൽ നിയമലംഘനത്തിൽ പങ്കെടുത്ത് ഒരു വർഷം ജയിൽവാസം അനുഭവിച്ചു. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ഒരു വർഷം ഉണ്ടായിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിആർ മോഹൻദാസിന്റെ വരവ് ബിജെപിക്കും എൻഡിഎയ്ക്കും ഗുണകരമാകും. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടുപോകുന്നത് തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി. കോൺഗ്രസിന്റെ യുവനേതാവായിരുന്ന പി സരിൻ ആണ് എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സരിന്റെ പിൻമാറ്റം. മറ്റൊരു നേതാവായിരുന്ന എ.കെ ഷാനിബും പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ഷാനിബും മണ്ഡലത്തിൽ സ്വതന്ത്രനായി മത്സര രംഗത്തുണ്ട്.