ബെംഗളൂരു: അഴിമതി കേസിൽ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്ന തെരച്ചിലിന് നേതൃത്വം നൽകിയതിൽ ഒരാൾ സതീഷായിരുന്നു. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിൽ സിബിഐ അറസ്റ്റ് ചെയ്ത എം.എൽ.എയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയാണ് നാളെ (25) ശിക്ഷാവിധി പറയുന്നത്. എം.എൽ.എയെ പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റിയിട്ടുണ്ട്.
ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി വിലമതിക്കുന്ന 7.74 ദശലക്ഷം ടൺ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നായിരുന്നു കേസ്. 2010-ലാണ് കേസെടുക്കുന്നത്.സമാനമായ ആറ് കേസുകൾ എം.എൽ.എയ്‌ക്ക് എതിരെ എടുത്തിട്ടുണ്ട്. കർണാടക ലോകയുക്തയായിരുന്ന ജസ്റ്റിസ് എൻ സന്തോഷ് ഹെഡ്ഗെയുടെ ഇടപെടലിലാണ് സംഭവം പുറത്തുവരുന്നത്.
പിന്നീട് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. സതീഷിനൊപ്പം രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. നാളെ 12.30ന് കോടതിയിൽ ഹാജരാക്കും. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, അതിക്രമിച്ച് കടക്കൽ, അഴിമതി എന്നീ കുറ്റങ്ങളാണ് അഴിമതി നിരോധന നിയമപ്രകാരം പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.