നാഗർകോവിൽ: സ്ത്രീധനപീഡനത്തെത്തുടർന്ന് മലയാളിയായ കോളേജ് അദ്ധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ അവരുടെ ഭർത്താവിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ജില്ലയിലെ സുശീന്ദ്രം സൗത്ത്‌ലാൻഡ് സ്വദേശി കാർത്തിക്കിന്റെ ‘അമ്മ ചെമ്പകവല്ലിയാണ് വിഷം കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (25) യെ കഴിഞ്ഞ ദിവസമായിരുന്നു നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നത്.വിവാഹശേഷം ശ്രുതി ബാബു ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു.
പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് ശ്രുതിയുടെ വിവാഹം നടത്തിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് അമ്മായിഅമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചിരുന്നു . കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശുചീന്ദ്രത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കാർത്തിക്കാണ് ശ്രുതിയുടെ മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്.
പെൺകുട്ടിയുടെ വീട്ടുകാർ ശുചീന്ദ്രം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് കാർത്തിക്, അമ്മായിയമ്മ ചെമ്പകവല്ലി,എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കൂടാതെ, അമ്മായിയമ്മയുടെ ക്രൂരത കാരണം ആത്മഹത്യ ചെയ്തതാണെന്ന് ശ്രുതി ബാബു തന്റെ അമ്മയ്‌ക്ക് വാട്ട്‌സ്ആപ്പിൽ ഓഡിയോ അയച്ചിട്ടുണ്ട്. ഈ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതിനെത്തുടർന്നാണ് അമ്മായിയമ്മ ചെമ്പകവല്ലി അറസ്റ്റ് ഭയന്ന് വിഷം കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ബന്ധുക്കൾ ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അവിടെ ചികിത്സയിലാണ്. ശുചീന്ദ്രം പോലീസ് അന്വേഷണം തുടരുകയാണ്.
മരണത്തിനു മുൻപ് ശ്രുതി മാതാപിതാക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ ഭർതൃവീട്ടിൽ അനുഭവിച്ച യാതനകൾ വിവരിക്കുന്നുണ്ട്. എച്ചിൽ പാത്രത്തിൽ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചതായും ഭർത്താവിന്റെ അടുത്തിരിക്കാൻ അനുവദിക്കില്ലെന്നും ശ്രുതി പറയുന്നു. അമ്മായിഅമ്മ തന്നോട് വീട്ടിൽ തിരികെ പോകാൻ പറഞ്ഞ് നിരന്തരം വഴക്കു പറഞ്ഞിരുന്നതായും പെൺകുട്ടി ആരോപിക്കുന്നു. മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന വാക്കുകളോടെയാണ് സന്ദേശം അവസാനിക്കുന്നത്.















