ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് ഒക്ടോബർ 27 ഞായറാഴ്ച ഭാരതത്തിലെത്തും. ഒക്ടോബർ 27 മുതൽ 29 വരെയാണ് അദ്ദേഹത്തിന്റെ ഭാരത സന്ദർശനം. ഈ സന്ദർശന വേളയിൽ പ്രസിഡൻ്റ് പെഡ്രോ സാഞ്ചസും പ്രധാനമന്ത്രി മോദിയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തും.
സ്പെയിനിലെ എയർബസുമായി സഹകരിച്ച് ഗുജറാത്തിലെ വഡോദരയിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് സ്ഥാപിച്ച സി295 എയർക്രാഫ്റ്റ് ഫാക്ടറി മോദിയും പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി മോദി-പെഡ്രോ സാഞ്ചസ് കൂടിക്കാഴ്ചയിൽ നിരവധി ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇത് പ്രസിഡൻ്റ് സാഞ്ചസിന്റെ ആദ്യ ഭാരതസന്ദർശനവും 18 വർഷത്തിനിടെ ഒരു സ്പാനിഷ് പ്രസിഡൻ്റ് നടത്തുന്ന ആദ്യ സന്ദർശനവുമാണ്.
വ്യോമയാന മേഖലയിൽ എയർബസ് സ്പെയിനുമായി സഹകരിച്ച് “മെയ്‌ക്ക് ഇൻ ഇന്ത്യ” പദ്ധതിപ്രകാരം വഡോദരയിൽ തുടങ്ങിയ മുൻനിര സംരംഭമായ സി 295 വിമാനങ്ങൾക്കായുള്ള ഫൈനൽ അസംബ്ലി ലൈൻ പ്ലാൻ്റിന്റെ ഉദ്ഘാടനമാണ് സന്ദർശനത്തിന്റെ പ്രധാന ലക്‌ഷ്യം
സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രസിഡൻ്റ് സാഞ്ചസിനെ കാണും.വാണിജ്യ തലസ്ഥാനമായ മുംബൈ സന്ദർശിക്കുന്ന പ്രസിഡൻറ് സാഞ്ചസ് അവിടെ അദ്ദേഹം വ്യാപാര, വ്യവസായ, സിനിമാ മേഖലകളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ധാരണാപത്രങ്ങളും കരാറുകളും സന്ദർശന വേളയിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി മോദിയുടെ 2017ലെ സ്‌പെയിൻ സന്ദർശനത്തെത്തുടർന്ന് ഭാരതവും സ്‌പെയിനും തമ്മിൽ സൗഹൃദപരവുമായ ഉറ്റ ബന്ധം പങ്കിടുന്നു. പുനരുപയോഗ ഊർജം, പ്രതിരോധവും സുരക്ഷയും, ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ-ടെക്, ബയോ-ടെക്, സംസ്കാരം, ടൂറിസം. വ്യാപാരം, നിക്ഷേപം, ഐടി, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇത് അവലോകനം ചെയ്യുന്നതിനും കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള സുപ്രധാന അവസരമായാണ് പ്രസിഡൻ്റ് സാഞ്ചസിന്റെ വരാനിരിക്കുന്ന സന്ദർശനത്തെ ഭാരതം നോക്കിക്കാണുന്നത്.