എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ പക്ഷത്തെത്തിക്കുന്നതിനായി 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ. തോമസ്. ഇതെന്താ മഹാരാഷ്‌ട്രയോ, അവിടെ പോലും 25 കോടിയും 15 കോടിയുമൊക്കെയാണ് കൊടുത്തിട്ടുള്ളത്. 50 കോടി രൂപയൊക്കെ കൊടുക്കാനുള്ള മുതലുണ്ടോ ആൻ്റണി രാജുവെന്നും അദ്ദേഹം പരിഹസിച്ചു.
100 കോടി എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു. ഇതിന് പിന്നിൽ ആൻ്റണി രാജുവാണ്. മന്ത്രിയാകുമെന്ന് ഉറപ്പായപ്പോഴാണ് ആരോപണം ഉന്നയിക്കുന്നത്. പാർട്ടിയിൽ നിന്നുള്ള ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിക്കണം. ആൻ്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് കെട്ടിച്ചമച്ച വാർത്ത മാത്രമാണെന്നും ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നത് ശരത് പവാറിന്റെ നിർദ്ദേശമാണ്. ആ നിർദ്ദേശം പാലിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ എന്നെ മന്ത്രിയാക്കിയേ പറ്റൂവെന്ന് പറഞ്ഞിട്ടില്ല. ഇത് കുട്ടനാട് സീറ്റിൽ നേരത്തെ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസിന് വേണ്ടി ആൻ്റണി രാജു കളിക്കുന്ന കളിയാണിത്.
ജനാധിപത്യ കേരള കോൺഗ്രസിലെ ഏക എംഎൽഎയാണ് ആൻ്റണി രാജു. ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചതാണ് തോമസ്.കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുടങ്ങാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.















