ശ്രീനഗർ; ജമ്മു-കശ്മീർ നിയമസഭയിലെ ബിജെപി വനിതാ എംഎൽഎ ഷഗുൺ പരിഹാറിന്റെ സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷവും സോഷ്യൽ മീഡിയയിൽ വൈറൽ. കാവി തലപ്പാവ് അണിഞ്ഞ് ജയ് ശ്രീറാം മുഴക്കി നിയമസഭയ്‌ക്കുള്ളിലെ പോഡിയത്തിലേക്ക് എത്തിയ ഷഗുൺ സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
കശ്മീർ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് 29 കാരിയായ ഷഗുൺ. ബിജെപിയുടെ ഏക വനിതാ എംഎൽഎയുമാണ്. ഭീകരാക്രമണത്തിൽ അച്ഛനെയും അമ്മാവനെയും നഷ്ടമായ ഷഗുൺ പരിഹാറിന്റെ പോരാട്ടം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2018 ലാണ് ഷഗുൺ പരിഹാറിന്റെ അമ്മാവനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായിരുന്ന അനിൽ പരിഹാറിനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തിയത്. ഒപ്പം ബിജെപി നേതാവായിരുന്ന അച്ഛൻ അജിത് പരിഹാറിനെയും ആ ആക്രമണത്തിൽ നഷ്ടമായി. കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ആക്രമണം.
കുടുംബത്തെ പിടിച്ചുലച്ച ദുരന്തത്തിനിടയിലും ഭീകരവാദികൾക്ക് മുൻപിൽ തന്റെ സ്വപ്‌നങ്ങൾ ബലികഴിക്കാൻ ഷഗൂൺ തയ്യാറായില്ല. വെല്ലുവിളികൾക്കിടയിലും പഠനം തുടർന്നു. ഒടുവിൽ പിഎച്ച്ഡി നേടി. പ്രചാരണത്തിനിടെ ദോഡയിൽ നടന്ന റാലിയിൽ മകളെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഷഗുണിനെ അഭിസംബോധന ചെയ്തത്.
ബിജെപിക്ക് 29 സീറ്റുകളാണ് കശ്മീർ നിയമസഭയിൽ ലഭിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഭീകരാക്രമണ ഭീഷണികളിൽ നിന്ന് കിഷ്ത്വാറിനെ മുക്തമാക്കുന്നതിനായിരിക്കും തന്റെ ആദ്യ പരിഗണനയെന്ന് ആയിരുന്നു ഷഗുണിന്റെ വാക്കുകൾ. ഇവിടുത്തെ ഓരോ കുട്ടിക്കും സംരക്ഷണമൊരുക്കി അവരുടെ അച്ഛന്റെ നിഴലുണ്ടെന്ന് ഉറപ്പുവരുത്തും. നമുക്ക് ഒരുപാട് സൈനികരെ നഷ്ടമായിട്ടുണ്ട്. സഹോദരങ്ങളെയും മക്കളെയും നഷ്ടമായിട്ടുണ്ട്. എല്ലാ വീടുകളിലും സന്തോഷം ഉറപ്പുവരുത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ഷഗുൺ പറഞ്ഞിരുന്നു.















