എറണാകുളം: മുനമ്പത്തെ സ്വത്ത് തങ്ങളുടേത് തന്നെയെന്ന് ആവർത്തിച്ച് വഖഫ് ബോർഡ്. ജനകീയ സമരം തങ്ങളെ ബാധിക്കില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും, നിയമപരമായി നേരിടുമെന്നും വഖഫ് ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുന്നിൽ പരസ്യ പ്രതികരണത്തിനില്ലെന്നും മുനമ്പത്തെ സ്വത്ത് തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമികളെല്ലാം തിരിച്ച് പിടിക്കണമെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കൊച്ചിയിലെ വഖഫ് ആസ്ഥാനത്ത് യോഗം ചേർന്നു. മുനമ്പത്തെ സ്വത്ത് തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരാനും യോഗത്തിൽ തീരുമാനമായി. നിലവിലെ വഖഫ് നിയമപ്രകാരം കോടതിവിധി തങ്ങൾക്ക് അനുകൂലമാകുമെന്ന അമിത ആത്മവിശ്വാസത്തിലാണ് സംസ്ഥാന വഖഫ് ബോർഡ്.
അതേസമയം, വഖഫ് അധിനിവേശ വിരുദ്ധ സമരത്തിൽ ക്രൈസ്തവ സഭ നേതൃത്വത്തിന്റെ നിലപാടിന് പിന്തുണയേറുന്നു. ക്രൈസ്തവ പുരോഹിതരും, വിശ്വാസികളും ഉയർത്തുന്നത് യഥാർത്ഥ പ്രശ്നമാണെന്നും ഇരകളാകുന്നവരിൽ എല്ലാമതക്കാരുമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു ജനം ടി വി യോട് പറഞ്ഞു.
ഇടത്-വലത് മുന്നണികൾ ഒന്നിച്ച് നിന്ന് ചതിക്കുന്നതിൽ മുനമ്പം ജനത കടുത്ത അമർഷത്തിലാണ്. ഇരു മുന്നണിയിൽ നിന്നുള്ള എംപിയും എംഎൽഎയും സമരപ്പന്തലിൽ എത്തി കൂടെയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, നിയമസഭയിൽ പ്രമേയത്തെ എതിർക്കാത്തത് എന്തുകൊണ്ടാണെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നു. കേന്ദ്രസർക്കാരിന്റെ വഖഫ് ഭേദഗതിയെ എതിർത്ത് കൊണ്ട് കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇടത്-വലത് മുന്നണികളുടെ ഒളിച്ചുകളി വ്യക്തമായതോടെ വഖഫ് ഭേദഗതി ബില്ലിൽ മാത്രമാണ് തീരദേശ ജനതയുടെ പ്രതീക്ഷ.
മുനമ്പം- ചെറായി മേഖലയിലെ മത്സ്യത്തൊഴിലാളികൾ വിലകൊടുത്ത് വാങ്ങിയതും പാരമ്പര്യമായി ലഭിച്ചതുമായ ഭൂമി വഖഫ് സ്വത്താണെന്നാണ് വഖഫ് ബോർഡിന്റെ അവകാശ വാദം. ആദ്യം വഖഫ് ഭൂസംരക്ഷണ സമിതി ഉയർത്തി കൊണ്ടുവന്ന അവകാശവാദം പിന്നീട് വഫഖ് ബോർഡ് ഏറ്റുപിടിക്കുകയുമായിരുന്നു. പ്രദേശത്തെ 440 ഓളം എക്കർ സ്ഥലത്തിനാണ് വഖഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്. വിലയാധരം ചെയ്ത് കരമടച്ച് താമസിച്ചിരുന്ന 610 കുടുംബങ്ങളെയാണ് വഖഫ് ബോർഡ് വഴിയാധാരമാക്കാൻ ശ്രമിക്കുന്നത്.















