കോഴിക്കോട്: ഏറെ ചർച്ച ചെയ്യപ്പെട്ട പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ ഇരുവർക്കും കൗൺസിലിംഗ് നൽകി റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് റദ്ദക്കാൻ ഉത്തരവിട്ടത്.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമുള്ള ഗാർഹിക പീഡന പരാതി കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ രാഹുലിനെതിരെ എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയാണ് രംഗത്ത് വന്നച്. യുവതിയെ മർദ്ദിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഗാർഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവും വധശ്രമത്തിനും പൊലീസ് കേസെടുത്തു. പിന്നാലെ ഭർത്താവ് തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരാതി നൽകിയതെന്നും പറഞ്ഞ് യുവതി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കിട്ടത്. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കോടതിയെ സമീപിച്ചു.
ഭാര്യയെ മർദ്ദിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് തീർത്തെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ഹർജിയിൽ പറയുന്നു. ഇത് പരിഗണിച്ചാണ് കോടതി രാഹുലിനെതിരായ എഫ്ഐആർ റദ്ദാക്കിയത്.