മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. മനുഷ്യർക്കൊപ്പം മൃഗങ്ങൾ ഇരിക്കുന്നതും കളിക്കുന്നതുമായി നിരവധി വീഡിയോകളാണ് ഇക്കൂട്ടത്തിലുള്ളത്. അത്തരത്തിൽ വൈകാരികമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
അപ്രതീക്ഷിതമായി ഒരു കുരങ്ങ് കടന്നുവന്ന് നിങ്ങളുടെ പാത്രത്തിൽ നിന്ന് ഭക്ഷണമെടുത്താൽ എങ്ങനെയിരിക്കും? ഭയന്നുപോകുകയോ ചിലപ്പോൾ ആട്ടിമാറ്റാനോ നാം ശ്രമിക്കും. എന്നാൽ തന്റെ പാത്രത്തിൽ നിന്നും കുരങ്ങിനെ ഊട്ടുന്ന ഒരാളുടെ ദൃശ്യമാണ് ഇപ്പോൾ ഏവരുടെയും മനംകവരുന്നത്.
ഹനുമാൻ ക്ഷേത്രത്തിൽ ഭക്തർക്ക് അന്നദാനം വിളമ്പുന്നതിനിടെയാണ് മദ്ധ്യവയസ്‌കനായ ഒരാളുടെ അടുത്തേക്ക് അപ്രതീക്ഷിതമായി കുരങ്ങ് എത്തുന്നത്. ഇയാളുടെ പാത്രത്തിൽ നിന്നും ഭയമൊന്നുമില്ലാതെ കുരങ്ങ്, തൈര് കൊണ്ടുണ്ടാക്കിയ വിഭവം കഴിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. എന്നാൽ കുരങ്ങിനെ തന്റെ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ അനുവദിക്കുന്ന മദ്ധ്യവയസ്‌കനും ഇയാളുടെ പ്രവൃത്തിയിൽ അസ്വസ്ഥത തോന്നാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന മറ്റു ഭക്തരുമാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്.
View this post on Instagram
ചോറ് വിളമ്പുന്നവർ കുരങ്ങിനെ മാറ്റാൻ ശ്രമിക്കുമ്പോൾ മദ്ധ്യവയസ്‌കൻ തടയുന്നതും കാണാം. ‘ ബജ്‌രംഗ് ബലി തന്നെ ബജ്‌രംഗ് ബലിയുടെ ക്ഷേത്രത്തിൽ വന്ന് ഭക്ഷണം കഴിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ നിരവധിപേരാണ് വീഡിയോ കണ്ടത്.















