ലഖ്‌നൗ: യുപി ഉപതെരഞ്ഞെടുപ്പിൽ ഒമ്പത് മണ്ഡലങ്ങളിലും ഇൻഡി സഖ്യസ്ഥാനാർത്ഥികൾ സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. നവംബർ 13-ന് ഒമ്പത് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
യുപിയിൽ 10 മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. മിൽകിപൂർ ഒഴികെ ഒമ്പത് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. എംഎൽഎമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതിനാലാണ് യുപിയിൽ എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്.ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എസ്പി എംഎൽഎ ഇർഫാൻ സോളങ്കിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ചിഷാമൗ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോടതിയിൽ കേസ് നടക്കുന്നത് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ മിൽകിപൂർ (അയോധ്യ) മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
10 നിയമസഭാ മണ്ഡലങ്ങളിൽ മിൽകിപൂർ ഉൾപ്പെടെ അഞ്ചെണ്ണം കോൺഗ്രസ് ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാസിയാബാദ്, ഖൈർ (അലിഗഢ്) എന്നീ രണ്ട് മണ്ഡലങ്ങൾ മാത്രമേ നൽകാൻ സാധിക്കൂ എന്ന കടുത്ത നിലപാട് സമാജ്‌വാദി പാർട്ടി എടുത്തു. ഇതിന് പിന്നാലെ സീറ്റ് വേണ്ടെന്ന് വെച്ച കോൺഗ്രസ് പാർട്ടി എല്ലാ സീറ്റുകളും സമാജ് വാദി പാർട്ടിക്ക് നൽകി.
ഒക്‌ടോബർ 25 ആണ് യുപി ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. നവംബർ 13-ന് വോട്ടെടുപ്പും നവംബർ 23-ന് വോട്ടെണ്ണലും നടക്കും.















