പാലക്കാട്; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ മാനസീക പീഡനത്തിൽ മനംനൊന്ത് പാർട്ടി വിടുകയാണെന്ന് ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ. സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അബ്ദുൾ ഷുക്കൂർ ജില്ലാ സെക്രട്ടറിയുടെ മാനസീക പീഡനത്തെക്കുറിച്ച് തുറന്നടിച്ചത്. പാർട്ടിയിൽ ഞാൻ ആത്മാർത്ഥമായി പ്രവർത്തിച്ച ഒരാളാണ്. ഒരുപാടായി സഹിക്കുന്നു അബ്ദുൾ ഷുക്കൂർ പറഞ്ഞു.
നാൽപത് പേരോളം ഇരുന്ന യോഗത്തിൽ അവഹേളിച്ചു. യോഗത്തിന്റെ തുടക്കം മുതൽ 10 മിനിറ്റത്തേക്ക് തന്നെ മാത്രം കുറ്റപ്പെടുത്തുകയായിരുന്നു. തരംതാഴ്ത്തലായിട്ടാണ് തോന്നിയത്. കുറെക്കാലമായി ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനം ഇതാണെന്നും അബ്ദുൾ ഷുക്കൂർ പറഞ്ഞു. 15 വയസ് മുതൽ പോസ്റ്റർ ഒട്ടിക്കാനും കൊടി പിടിക്കാനും നടന്നവരാണ്. സഹിച്ചു നിൽക്കാൻ കഴിയാത്തതുകൊണ്ടാണ്. പാർട്ടിയുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്നും അബ്ദുൾ ഷുക്കൂർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന മേഖലായ യോഗത്തിലാണ് അബ്ദുൾ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി അവഹേളിച്ചത്. ബോർഡുകൾ വെച്ചില്ലെന്നും ചുവരെഴുത്ത് നടത്തിയില്ലെന്നുമായിരുന്നു ആരോപണം. താനല്ല അത് ചെയ്യേണ്ടത്, ബൂത്ത് സെക്രട്ടറിമാരാണ്. പക്ഷെ മുഴുവൻ കുറ്റവും തനിക്ക് മേൽ ആരോപിക്കുകയായിരുന്നു. നാല് ദിവസം മുൻപ് നിന്നെ കാണിച്ചുതരാമെന്ന് സെക്രട്ടറി പറഞ്ഞു. അതിന് ശേഷം യോഗത്തിൽ വന്ന് അവഹേളിക്കുകയായിരുന്നുവെന്നും അബ്ദുൾ ഷുക്കൂർ പറയുന്നു.
പിപി സുമോദ് എംഎൽഎയാണ് മേഖലാ സെക്രട്ടറി. അവിടെ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്. ഇന്നലെയടക്കം ബോർഡ് ചുവരെഴുതാൻ ആളെ വിട്ടതാണ് താനെന്നും അബ്ദുൾ ഷുക്കൂർ പറഞ്ഞു. കഴിഞ്ഞ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് ജില്ലാ സെക്രട്ടറി വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നതെന്നും അബ്ദുൾ ഷുക്കൂർ പറയുന്നു.
പാലക്കാട് നഗരസഭയിലെ 34 ാം വാർഡ് കൗൺസിലർ ആയിരുന്നു അബ്ദുൾ ഷുക്കൂർ.. നിലവിൽ ഷുക്കൂറിന്റെ സഹോദരിയാണ് ഇവിടുത്തെ കൗൺസിലർ. സിപിഎമ്മുമായി വർഷങ്ങളോളം അടുത്ത ബന്ധമുളള കുടുംബമാണ് അബ്ദുൾ ഷുക്കൂറിന്റേത്. കണ്ണൂരിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിപി ദിവ്യ പൊതുവേദിയിൽ വെച്ച് അവഹേളിച്ചതിന് പിന്നാലെ എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ പാർട്ടി പ്രതിരോധത്തിലാണ്. ഇത് കെട്ടടങ്ങും മുൻപാണ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കെതിരെ വീണ്ടും സമാന സ്വഭാവമുളള ആരോപണം ഉയരുന്നത്.