തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കാണ് യെല്ലോ ജാഗ്രതാ നിർദേശം.
മധ്യ-കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴ കനക്കുന്നതിന് കാരണം. കേരള – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനം വിലക്കിയിരിക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകളാണ് തുറക്കുക. 10 സെൻറീമീറ്റർ വീതം തുറക്കും. ഡാമിന്റെ പരിസരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മഴ ശക്തമായതോടെ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം വീതം ഉയർത്തി. വൈകിട്ട് 5 മണിക്ക് 10 സെന്റീമീറ്റർ ഉയർത്തുമെന്നാണ് അറിയിപ്പ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീർദേശ, മലയോര മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ദുരന്ത ബാധ്യത പ്രദേശങ്ങളിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്.















