ചർമ്മ സംരക്ഷണമെന്ന പോലെ പ്രധാന്യം അർഹിക്കുന്നതാണ് മുടിയുടെ സംരക്ഷണവും. മുടിയുടെ കരുത്തിനും തിളക്കം വർദ്ധിപ്പിക്കുന്നതിനുമായി വിവിധ എണ്ണകൾ പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ഇക്കൂട്ടത്തിൽ വെളിച്ചെണ്ണയും നെയ്യും ഉപയോഗിക്കുന്നവരുണ്ടാകും. എന്നാൽ വെളിച്ചെണ്ണയോ, നെയ്യോ? ഏതാണ് മുടിക്ക് നല്ലത്? അറിയാം..
വെളിച്ചെണ്ണ
ശുദ്ധമായ വെളിച്ചെണ്ണയും ശുദ്ധമായ നെയ്യും ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയവയാണ്. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡും ആന്റിമൈക്രോബിയൽ ഏജന്റായ ലോറിക് ആസിഡും അടങ്ങിയിരിക്കുന്നു. പാചകത്തിന് പുറമെ ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന എണ്ണ കൂടിയാണ് വെളിച്ചെണ്ണ. വരണ്ട മുടി ഇല്ലാതാക്കാനും മുടി പൊട്ടി പോകുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു. മുടിക്ക് കരുത്ത് നൽകുന്നു. ശിരോ ചർമ്മത്തിലുണ്ടാകുന്ന ഫംഗൽ അണുബാധകൾ കുറച്ച് താരൻ വരാനുള്ള സാധ്യതകൾ വെളിച്ചെണ്ണ കുറയ്‌ക്കുന്നു.
നെയ്യ് ഇഷ്ടമില്ലാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച എണ്ണയാണിത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് മുടിക്ക് നല്ലതാണ്. ശരീരത്തിന് ഉന്മേഷവും ഉണർവും നൽകാനും ഇത് സഹായിക്കുന്നു.
നെയ്യ്
മുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന ഒന്നാണ് നെയ്യ്. മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിനും മുടിക്ക് തിളക്കം നൽകുന്നതിനും നെയ്യ് സഹായിക്കുന്നു. ഒരു കണ്ടീഷനിംഗ് ഏജന്റായാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ നേരിട്ട് മുടിയിൽ നെയ്യ് തേച്ച് പിടിപ്പിക്കരുതെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.
നെയ്യും യോഗേർട്ടും ചേർത്ത് മുടിയിൽ തേച്ച് 30 മിനിട്ടുകൾക്ക് ശേഷം കഴുകി കളയാം. മുടിയുടെ വളർച്ചയ്‌ക്ക് നെയ്യ് സഹായിക്കുമെങ്കിലും കഴുകി കളഞ്ഞതിന് ശേഷം മുടിക്ക് വെണ്ണയുടെയും പാലിന്റെയും മണമായിരിക്കും. ഇത് പലർക്കും ഇഷ്ടപ്പെടില്ല. തിളക്കമാർന്ന മുടിയിഴകൾ ആവശ്യമുള്ളവർക്ക് നെയ്യ് തെരഞ്ഞെടുക്കാവുന്നതാണ്.















