കാട് ചിലപ്പോൾ ശാന്തമായിരിക്കും, ചിലപ്പോൾ ഭയപ്പെടുത്തുന്ന ശബ്ദം അലയടിക്കും. കാടുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചീവീടുകളുടെ ശബ്ദം പലപ്പോഴും നമുക്ക് അസഹനീയമായി തോന്നാറുണ്ട്. മറ്റു ചില ശബ്ദങ്ങൾ കേട്ട് നാം ഭയപ്പെടാറുമുണ്ട്. കാട് വിറപ്പിക്കുന്ന ശബ്ദം ഏതു മൃഗത്തിന്റേതെന്ന് ചോദിച്ചാൽ സിംഹത്തിന്റെയും കടുവയുടെയും പേരുകളായിരിക്കും നാം പറയുക. കിലോമീറ്ററുകളോളം ഇവയുടെ ശബ്ദം അലയടിക്കും. എന്നാൽ സിംഹവും കടുവയും മാത്രമല്ല, ഉച്ചത്തിലുള്ള ശബ്ദത്തിൽ കാട് മുഴുവൻ കുലുക്കുന്ന ഒരു കുരങ്ങനും ഉണ്ട്. അവരാണ് ഹൗളർ കുരങ്ങുകൾ.
നിയോട്രോപിക്സിലെ ഏറ്റവും വ്യാപകമായ പ്രൈമേറ്റ് ജനുസ്സാണ് ഹൗളർ കുരങ്ങുകൾ. തെക്കൻ, മധ്യ അമേരിക്കൻ വനങ്ങളാണ് ഈ കുരങ്ങുകളുടെ ജന്മദേശം. നിബിഡമായ മഴക്കാടിൽ മൂന്ന് മൈൽ അകലെ വരെ കേൾക്കാവുന്ന ഉച്ചത്തിൽ ഇവ ഓരിയിടുന്നു എന്നതാണ് ഈ കുരങ്ങുകളുടെ പ്രത്യേകത. പതിനഞ്ച് ഇനം ഹൗളർ കുരങ്ങുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് സെബിഡേ കുടുംബത്തിൽ വർഗ്ഗീകരിച്ചിരുന്ന ഇവ ഇപ്പോൾ അറ്റെലിഡേ കുടുംബത്തിലാണ്. ദഹനവ്യവസ്ഥയിലൂടെയും അവയുടെ ചലനത്തിലൂടെയും വിത്തുകൾ വിതറുന്ന ഒരു വാഹകരായി ഈ കുരങ്ങുകൾ പ്രവർത്തിക്കുന്നു.
അവരുടെ പേര് സൂചിപ്പിക്കുന്നത് പോലെ, വോക്കൽ ആശയവിനിമയം അവരുടെ സാമൂഹിക സ്വഭാവത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവയിൽ ഓരോന്നിനും വലുതാക്കിയ ബാസിഹിയാൽ അല്ലെങ്കിൽ ഹയോയിഡ് അസ്ഥിയുണ്ട്. ഇത് അവരെ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാക്കാൻ സഹായിക്കുന്നു. പുരുഷന്മാർ കൂട്ടമായി സാധാരണ പ്രഭാതത്തിലും സന്ധ്യാ സമയത്തും ഉറക്കെ ശബ്ദം ഉണ്ടാക്കുന്നു. ഹൗളർ കുരങ്ങുകൾ കരയിലെ ഏറ്റവും ശബ്ദമുള്ള മൃഗങ്ങളായി പരക്കെ കണക്കാക്കപ്പെടുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, അവരുടെ ശബ്ദം 3 മൈൽ (4.8 കി.മീ) വരെ വ്യക്തമായി കേൾക്കാം.
വലുതും സാവധാനത്തിൽ ചലിക്കുന്നതുമായ ഈ കുരങ്ങുകൾ ന്യൂ വേൾഡ് കുരങ്ങുകളുടെ ഏക ഫോളിവോറുകളാണ്. പഴങ്ങൾ, മുകുളങ്ങൾ, പൂക്കൾ, കായ്കൾ, ഇലകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. ചില സമയങ്ങളിൽ പക്ഷികളുടെ കൂട്ടിൽ നിന്നും മുട്ടകൾ കട്ടെടുത്തും ഈ കുരങ്ങുകൾ ഭക്ഷിക്കുന്നു. ഫലങ്ങൾ ദഹിപ്പിക്കുമ്പോൾ വിത്തുകളുടെ 90 ശതമാനവും കേടുപാടുകൾ കൂടാതെ കരുങ്ങുകൾ പുറന്തള്ളും. ഇത് ഉഷ്ണമേഖലാ വനങ്ങളിൽ വിത്ത് വ്യാപനത്തിനും വിതരണത്തിനും സഹായിക്കും.