ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നു. 25 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റ് സർവീസുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പോകുന്ന 6E 87, ഉദയ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന 6E 2099, ഡൽഹിയിൽ നിന്നും ഇസ്താംബൂളിലേക്ക് പോകുന്ന 6E 11, ജിദ്ദയിൽ നിന്നും മുംബൈയിലേക്ക് പോകുന്ന 6E 108 തുടങ്ങിയ ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സന്ദേശങ്ങൾ ലഭിച്ചതോടെ വിമാനങ്ങളിൽ നിന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. 12 ദിവസങ്ങൾക്കിടെ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു മിക്ക സന്ദേശങ്ങളും എത്തിയത്.
ഇന്നലെ മാത്രം 85 വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. വരുമാന നഷ്ടം 600 കോടിയിലധികമാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.















