നിരന്തരമായി യാത്ര ചെയ്യുമ്പോൾ, നിർജലീകരണം സംഭവിക്കുമ്പോൾ, വെയിലേറ്റ് വാടുമ്പോഴെല്ലാം മുഖകാന്തി നഷ്ടപ്പെടുന്നത് പതിവാണ്. ചർമം വരണ്ടുണങ്ങി, ഒരു ചന്തമില്ലാത്ത അവസ്ഥയിലാകും. ഈ സമയത്ത് വലിയ അധ്വാനമില്ലാതെ തന്നെ 2 മിനിറ്റിനുള്ളിൽ മുഖം തിളങ്ങാൻ സഹായിക്കുന്ന കിടിലൻ ഒരു സൂത്രമാണ് ചിയാ സീഡ്.
സ്മൂത്തിയിലും മറ്റ് ആഹാരപദാർത്ഥങ്ങളിലും ചേർത്ത് കഴിക്കാൻ മാത്രമല്ല, ചർമത്തിൽ പുരട്ടാനും ചിയാ സീഡ് സൂപ്പറാണ്. ഇൻസ്റ്റന്റ് റിസൾട്ട് കിട്ടുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കുറേ ചേരുവകൾ ചേർത്ത്, ഫെയ്സ് പാക്കുകളുണ്ടാക്കി കഷ്ടപ്പെടേണ്ട കാര്യമില്ല. രണ്ട് ടീസ്പൂൺ ചിയാ സീഡ് മാത്രം മതി.
വെള്ളത്തിലിട്ട് കുതിർന്ന ചിയാസീഡാണ് ഇതിനാവശ്യമായത്. ഇത് ഒരു അരിപ്പയിൽ അരിച്ചെടുക്കുക. അപ്പോൾ ജെൽരൂപത്തിലുള്ള വിത്തുകൾ മാത്രമായി ലഭിക്കും. ഇത് മുഖത്ത് നല്ലപോലെ പുരട്ടുക. 3-4 മിനിറ്റ് നേരം മുഖത്ത് നന്നായി മസാജ് ചെയ്യുക. കുറച്ച് നേരം ഇത് ആവർത്തിക്കുക. 3 മിനിറ്റിന് ശേഷം മുഖം കഴുകാം. ഉടൻ തന്നെ ഇതിന്റെ വ്യത്യാസം തിരിച്ചറിയാൻ കഴിയും. വരണ്ട്, ഇരുണ്ട്, ഉണങ്ങിയിരുന്ന മുഖം പൊടുന്നനെ തിളങ്ങുന്നത് കാണാം.
കുറച്ചുകൂടി നല്ല റിസൾട്ട് ലഭിക്കണമെങ്കിൽ ചിയാ സീഡ് അൽപം അലോവെര ജെൽ (കറ്റാർവാഴ) ചേർത്ത് കുതിർക്കുക. ഒരു ചെറിയ സ്പൂൺ തേനും ചേർക്കാം. സെൻസിറ്റീവ് സ്കിൻ അല്ലെങ്കിൽ മാത്രം ചെറുനാരങ്ങാ നീര് കൂടി ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ശേഷം നിങ്ങളുടെ മോയ്ച്ചുറൈസർ പുരട്ടി നൽകാം.
നിങ്ങളുടെ ചർമ്മത്തിന് ഈ പാക്ക് അനുയോജ്യമാണോയെന്നറിയാൻ ആദ്യം പാച്ച് ടെസ്റ്റ് നടത്താവുന്നതാണ്. തയ്യാറാക്കിയ മിശ്രിതം കൈകളിലെ ചർമത്തിൽ പുരട്ടി, അരമണിക്കൂറിന് ശേഷം കഴുകി കളയുക. റിയാക്ഷൻ ഒന്നും സംഭവിച്ചില്ലെങ്കിൽ മാത്രം മുഖത്ത് പുരട്ടുക.
ചിയാ സീഡിൽ വേണ്ടുവോളം ആന്റിഓക്സിന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും, മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതാണ് ചർമകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്.















