റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിംഗ് പോർട്ട് നിർബന്ധമാക്കാൻ സൗദി അറേബ്യ. അടുത്ത വർഷം ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. യുഎസ്ബി ടൈപ്പ്-സി’ പോർട്ടാണ് നിർബന്ധമാക്കുക.
സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്‌പേസ് ടെക്നോളജി കമ്മീഷന്റെയും, സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷന്റെയും തീരുമാനപ്രകാരമാണ് രാജ്യത്തെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിംഗ് പോർട്ട് നിർബന്ധമാക്കുന്നത്. 2025 ജനുവരി 1 മുതൽ ഈ നിയമം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതോടെ മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമായിരിക്കും.
പുതിയ മാറ്റം കൈവരുന്നതോടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ലാത്തതിനാൽ സാമ്പത്തിക ലാഭം കൈവരിക്കാനാകും. കൂടാതെ, ഇലക്ട്രോണിക് മാലിന്യം കുറയ്‌ക്കുന്നതിനും സഹായിക്കും. 2026 ഏപ്രിൽ 1 മുതൽ ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും.