ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവ് ആണ് ക്യാപ്റ്റൻ. ജിതേഷ് ശർമ്മയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുളളത്.
അഭിഷേക് ശർമ്മ, റിങ്കു സിംഗ്, തിലക് വർമ, ഹർദ്ദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, വിജയ് കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ എന്നിവരാണ് ടീമിൽ ഇടംപിടിച്ച ബാക്കിയുളളവർ.
പരിക്ക് മൂലം മായങ്ക് യാദവും ശിവം ദുബെയും സെലക്ഷന് പരിഗണിച്ചില്ലെന്ന് ബിസിസിഐ അറിയിച്ചു. പരിക്കിന്റെ പിടിയിലുളള റിയാൻ പരാഗിനും ഈ പരമ്പര നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി -20 മത്സരത്തിലെ സഞ്ജുവിന്റെ സെഞ്ചുറിയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.
47 പന്തിൽ നിന്നാണ് സഞ്ജു 111 റൺസ് നേടിയത്. 11 ഫോറുകളും എട്ട് സിക്സറുകളുമായി കളം നിറഞ്ഞാടുകയായിരുന്നു സഞ്ജു. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പരമ്പരയിലുടനീളം മുഴുനീള ഓപ്പണറുടെ വേഷത്തിൽ സഞ്ജു ഇറങ്ങിയത്. ആദ്യ മത്സരത്തിൽ 29 റൺസും രണ്ടാമത്തേതിൽ 10 റൺസും മാത്രമാണ് നേടിയതെങ്കിലും അവസാന മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനമാണ് ടീമിൽ സ്ഥാനം നേടിക്കൊടുത്തത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിക്കുളള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശർമ്മ ക്യാപ്റ്റനായും ജസ്പ്രീത് ബൂമ്ര വൈസ് ക്യാപ്റ്റനായും ഉളള ടീമാണ് പ്രഖ്യാപിച്ചത്. അഭിമന്യു ഈശ്വരനും ഹർഷിത് റാണയും നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ ഇടം നേടി. ന്യൂസിലാൻഡിനെതിരായ ടെസ്റ്റിൽ തിളങ്ങിയ സർഫറാസ് ഖാനും സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.