ശ്രീനഗർ: കശ്മീർ താഴ്വരയിൽ ഭീതി ജനിപ്പിക്കാനും സമാധാനം തകർക്കാനും ലക്ഷ്യമിട്ട് പാക് ഭീകരർ ബോധപൂർവം നടത്തുന്ന ആക്രമണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നടന്ന ഭീകരാക്രമണമെന്ന് സൈന്യം. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.
ബാരമുള്ളയിലെ ബൂട്ടപ്രതി പ്രദേശത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് പറഞ്ഞു. ഭീകരർ വെടിയുതിർത്തതോടെ ജാഗ്രതയോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് മറ്റ് സൈനികർ പ്രത്യാക്രമണം നടത്തിയതെന്നും ഇത് ഭീകരർക്ക് ആയുധങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടാൻ കാരണമായെന്നും വക്താവ് കൂട്ടിച്ചേർത്തു. തിരച്ചിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സമാധാനവും സന്തോഷവും നിറഞ്ഞ് സാധാരണ ജിവിതത്തിലേക്ക് തിരികെ വരുന്ന താഴ്വരയിൽ അശാന്തി പടർത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. താഴ്വരയിലെ ഭീകരവാഴ്ചയാണ് ഭീകരർ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രമെന്നും പ്രസ്താവനയിൽ പറയുന്നു. റൈഫിൾമാൻ കൈസർ അഹമ്മദ് ഷാ, ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. മുഷ്താഖ് ചൗധരിയും സഹൂർ അഹമ്മദ് മിറുമാണ് കൊല്ലപ്പെട്ട ചുമട്ടുതൊഴിലാളികൾ. ജമ്മു കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ നാലുപേർക്കും ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ ഭീകരരെ തടയുന്നതിനും അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കുന്നതിനുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള ഉന്നതതല ചർച്ചകളും നടത്തി.















