ധാക്ക: തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന വർഗീയാക്രമണങ്ങളിൽ പ്രതിഷേധിക്കാനുറച്ച് ബംഗ്ലാദേശി ഹിന്ദു സമൂഹം. ഇതിന്റെ ആദ്യപടിയായി ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ (ചിറ്റഗോങ്ങ്) ലാൽദിഗി മൈതാനിയിൽ ഒരു ഡിവിഷണൽ റാലി സംഘടിപ്പിച്ചു. ഈ റാലിയിൽ ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആഹ്വാനം ചെയ്തു. തങ്ങൾ മുന്നോട്ട് വെച്ച എട്ടിന ആവശ്യങ്ങൾ നടപ്പാക്കണമെന്ന് റാലി ആവശ്യപ്പെട്ടു.
റാലിയിൽ ചിറ്റഗോങ്ങ്, കോക്സ് ബസാർ, മലയോര ജില്ലകളിൽ നിന്നുള്ള ഹിന്ദു സമുദായാംഗങ്ങൾ ഒത്തുചേർന്നു. ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ചയുടെ വക്താവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി റാലിയിൽ അധ്യക്ഷത വഹിച്ചു.
“ആരെങ്കിലും ഞങ്ങളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അഫ്ഗാനിസ്ഥാനോ സിറിയയോ ആകും. ഒരു ജനാധിപത്യ ശക്തിയും ഉണ്ടാകില്ല. ബംഗ്ലാദേശ് വർഗീയതയുടെ സങ്കേതമായി മാറും” ചിറ്റഗോങ്ങിലെ ലാൽഡിഗി ഗ്രൗണ്ടിൽ ഇന്നലെ നടന്ന ബഹുജന റാലിയിൽ സംസാരിച്ച ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി പറഞ്ഞു.
കഴിഞ്ഞ 53 വർഷമായി ഹിന്ദു സമൂഹം നേരിടുന്ന തുടർച്ചയായ പീഡനങ്ങളെക്കുറിച്ച് റാലിയിലെ പ്രഭാഷകർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു,
ന്യൂനപക്ഷ വിഭാഗങ്ങൾ സഹിച്ച അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നീതി ലഭിച്ചിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ പ്രാസംഗികർ ഹൈന്ദവരുടെ സ്വത്തുക്കൾക്കും ആരാധനാലയങ്ങൾക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വത്തെയും വിമർശിച്ചു. ഗൗരംഗ ദാസ് ബ്രഹ്മചാരി നയിച്ച റാലിയിൽ മാധ്യമപ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ഹൈന്ദവർ പങ്കെടുത്തു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുൻപാകെ എട്ടിന നിർദേശങ്ങൾ ഹൈന്ദവ ജനസമൂഹം മുന്നോട്ടു വെച്ചു.
- ഹൈന്ദവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും മറ്റു ന്യൂനപക്ഷ പീഡന കേസുകളിലും ഇരകൾക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കിയുള്ള അതിവേഗ വിചാരണയ്‌ക്കായി ഒരു പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുക.
- ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ ന്യൂനപക്ഷ സംരക്ഷണ നിയമം പാസ്സാക്കുക
- ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ന്യൂനപക്ഷകാര്യങ്ങൾക്കായി ഒരു മന്ത്രാലയം രൂപീകരിക്കുക.
- ഹിന്ദു വെൽഫെയർ ട്രസ്റ്റിനെ ഒരു ഹിന്ദു ഫൗണ്ടേഷനായി ഉയർത്തുക. കൂടാതെ ബുദ്ധ, ക്രിസ്ത്യൻ വെൽഫെയർ ട്രസ്റ്റുകളെയും സമാനമായി ഉയർത്തുക.
- അന്യാധീനപ്പെട്ടതും കയ്യേറിയതുമായ ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങൾ നിർമ്മിക്കുക.
- സ്കൂളുകൾ കോളേജുകൾ ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രാർത്ഥനാ മുറികൾ ന്യൂനപക്ഷ ആചാരങ്ങൾ ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിൽ ക്രമീകരിക്കുക..
- സംസ്കൃതം, പാലി വിദ്യാഭ്യാസ ബോർഡുകളുടെ നവീകരണം ഉറപ്പാക്കുക.
- ഹിന്ദു സമൂഹത്തിന്റെ പ്രധാനപ്പെട്ട മതപരമായ ഉത്സവമായ ദുർഗ്ഗാ പൂജയ്‌ക്ക് അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുക
ഈ എട്ടിന നിർദേശങ്ങൾ നടപ്പാക്കുന്നത് വേഗത്തിലാക്കാൻ ഹൈന്ദവസമൂഹം ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു.
എല്ലാ ഡിവിഷനുകളിലും ഹിന്ദുക്കൾ ബഹുജന റാലികളും എല്ലാ ജില്ലയിലും സമ്മേളനങ്ങളും നടത്തുമെന്ന് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി പ്രഖ്യാപിച്ചു. അതിന് ശേഷം ധാക്കയിലേക്ക് ലോംഗ് മാർച്ച് നടത്തും.















