സിയോൾ: ഉത്തരകൊറിയയ്‌ക്കൊപ്പം ചേർന്ന് റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളിൽ ആശങ്കയറിയിച്ച് ദക്ഷിണ കൊറിയ. നിയമവിരുദ്ധമായ സഹകരണമാണ് ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ളതെന്നും, എത്രയും വേഗം ഇത് അവസാനിപ്പിക്കണമെന്നും ദക്ഷിണ കൊറിയ ആവശ്യം ഉന്നയിച്ചു. ദക്ഷിണ കൊറിയയുടേയും അമേരിക്കയുടേയും റിപ്പോർട്ടുകൾ പ്രകാരം മൂവായിരത്തോളം ഉത്തര കൊറിയൻ സൈനികരാണ് റഷ്യയിൽ പരിശീലനത്തിനായി എത്തിയിരിക്കുന്നത്.
ഉത്തര കൊറിയയുടെ സൈനികർ റഷ്യയുടെ അതിർത്തി മേഖലയായ കോംബാറ്റ് സോണിൽ എത്തിയതായി യുക്രെയ്‌നും ആരോപിച്ചു. റഷ്യയുടെ നീക്കം അന്താരാഷ്‌ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സൈനികരെ റഷ്യയിൽ നിന്ന് പിൻവലിക്കണമെന്നും, നിയമവിരുദ്ധമായ രീതിയിൽ മുന്നോട്ടുപോകുന്ന സഹകരണം അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ഉത്തര കൊറിയയുടെ നീക്കത്തെ കുറിച്ച് ചർച്ചകൾ നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. റഷ്യയും ഉത്തരകൊറിയയും കൂടുതൽ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ തെളിവാണ് അതിർത്തിയിലെ സൈനിക വിന്യാസമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറയുന്നു. നിലവിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന തീരുമാനമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഒലാഫ് ഷോൾസ് വ്യക്തമാക്കി. എന്നാൽ സൈനിക സഹായം സംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, പ്രതിരോധ ഉടമ്പടി എപ്രകാരം നടപ്പിലാക്കണം എന്നത് റഷ്യയുടെ മാത്രം അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും പുടിൻ പറയുന്നു. സൈനിക സഹായം ഉപയോഗിക്കണോ വേണ്ടയോ എന്നതിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്നും, പരമാധികാരത്തിന്മേൽ കൈ കടത്താൻ ആരേയും അനുവദിക്കില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.















