കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. അതുകൊണ്ട് തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നും കെ സുധാകരൻ ഭീഷണിപ്പെടുത്തി.
സഹകരണ ബാങ്കുകളെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണ്. പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപികാരനും ജോലി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ സഹകരണ ബാങ്കുകൾ അടിച്ചാണ് പിടിച്ചെടുത്തത്. എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം. ഇതിന് മാത്രമാണ് ഇന്ന് വിലയുള്ളത്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളെ തകർക്കാൻ ചിലർ കരാർ എടുത്തിരിക്കുകയാണെന്നും അത് അനുവദിച്ച് നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.