കോട്ടയം: ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണമെന്ന ആവശ്യവുമായി ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോഡിനേഷൻ കമ്മിറ്റി. ദേവസ്വം ബോർഡും വഖഫ് ബോർഡും പോലെയും, കേന്ദ്രസംസ്ഥാന സർക്കാരിന്റെ അധീനതയിൽ ക്രൈസ്തവ സമുദായത്തിനും ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യം.
വഖഫ് നിയമ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് ആവശ്യപെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടാണ് ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോഡിനേഷൻ കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ടത്. ഹൈന്ദവ സമുദായങ്ങൾക്ക് ദേവസ്വം ബോർഡ് പോലെയും, മുസ്ലീം സമുദായത്തിന് വഖഫ് ബോർഡ് പോലെയും, കേന്ദ്രസംസ്ഥാന സർക്കാരിന് കീഴിൽ ക്രൈസ്തവ സമുദായത്തിനും ബോർഡ് രൂപീകരിച്ച് രാജ്യത്ത് സമത്വവും സാമൂഹ്യനീതിയും നിഷ്പക്ഷതയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണെന്നാണ് കത്തിൽ പറയുന്നത്.
കേന്ദ്രസർക്കാരിന്റെ വഖഫ് നിയമ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ക്രിസ്ത്യൻ സംഘടനയായ കാസ രംഗത്തെത്തി. ഇത്തരമൊരു ആവശ്യം സ്വതന്ത്ര ഇന്ത്യയിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെ മറ്റൊരു സമുദായം ഇത്തരമൊരു ആവശ്യം ഉയർത്തുന്നത് ആദ്യമായിട്ടാണെന്ന് കാസ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ ചെയ്തില്ലെങ്കിലും, ചില പ്രത്യേക ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ പിണറായി സർക്കാർ അത് ചെയ്‌തേക്കുമെന്നും കാസ വിമർശനം ഉന്നയിച്ചു.















