ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ആറ് കിലോയിലധികം ഭാരമുള്ള മരത്തടി റെയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും അട്ടിമറി ശ്രമം നടന്നത്.
ഡൽഹിക്കും ലക്‌നൗവിനും ഇടയിൽ ഓടുന്ന ട്രെയിൻ നമ്പർ 14236 ബറേലി- വാരാണസി എക്‌സ്പ്രസ് ട്രെയിനാണ് മരത്തടിയിൽ ഇടിച്ചത്. മരത്തടിയുമായി ഏറെ ദൂരം സഞ്ചരിച്ചതായും അധികൃതർ അറിയിച്ചു. ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ മരക്കുറ്റി കുടുങ്ങിയ നിലയിലായിരുന്നു.
യാത്രയ്‌ക്കിടെ സംശയം തോന്നിയ ലോക്കോപൈലറ്റ് ട്രെയിൻ സുരക്ഷിതമായി നിർത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മരത്തടി കണ്ടെത്തിയത്. ഇതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. മരത്തടി ട്രാക്കിലെ സിംഗ്നലിംഗ് ഉപകരണത്തിൽ തട്ടി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശദമായ പരിശോധന നടത്തുകയാണ്. ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അട്ടിമറി കേസുകൾ അന്വേഷിക്കാൻ എഎൻഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.