വവ്വാലുകളെ പലർക്കും ഭയമാണ്. അതിന്റെ പ്രധാനകാരണം അവയുടെ രൂപമാണ്. മറ്റൊന്ന്, വവ്വാലുകൾ രാത്രി സഞ്ചാരികളാണ് എന്നതാണ്. രാത്രിയിൽ ഭക്ഷണം തേടിയിറങ്ങുന്ന വവ്വാലുകളുടെ രൂപം കണ്ടാൽ, അവയുടെ ചിറകടി ശബ്ദവും കേട്ടാൽ ആരും ഭയക്കും. ഭൂരിഭാഗം വവ്വാലുകളും താരതമ്യേന ചെറുതാണ്. എന്നിട്ടും നമ്മൾ ഭയക്കുന്നു. എങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വവ്വാലിനെ കണ്ടാലോ?
ഫിലിപ്പീൻസിൽ മാത്രം കാണപ്പെടുന്ന ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സ് ആണ് ലോകത്തിലെ ഏറ്റവും വലിയ വവ്വാൽ. ഗോൾഡൻ ക്യാപ്ഡ് ഫ്രൂട്ട് ബാറ്റ് എന്നും ഇവ അറിയപ്പെടുന്നു. 1.40 കിലോഗ്രാം (3.1 പൗണ്ട്) വരെ ഭാരമുണ്ട് ഈ വവ്വാലിന്. ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സ് വവ്വാലിനേക്കാൾ ഭാരമുള്ള ഒരേയൊരു വവ്വാൽ ഇനം ഇന്ത്യൻ ഫ്ലയിങ് ഫോക്സ് ആണ്. എന്നാൽ വലിപ്പത്തിന്റെ കാര്യത്തിൽ ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സിനോളം വലിപ്പമുള്ള ഒരു വവ്വാലുമില്ല. ഇന്ത്യൻ ഫ്ലൈയിംഗ് ഫോക്സിന്റെ ചിറകു വിരിച്ചാൽ 1.5 മീറ്റർ (4.9 അടി) ആണെങ്കിൽ ഭീമാകാരനായ ഗ്രേറ്റ് ഗോൾഡൻ ക്രൗൺ ഫ്ലൈയിംഗ് ഫോക്സിന് 1.5-1.7 മീറ്റർ (4.9-5.6 അടി) ചിറകുകൾ ഉണ്ട്.
ഈ വവ്വാലിന് അതിന്റെ പേര് ലഭിച്ചത് രോമങ്ങളുടെ നിറത്തിൽ നിന്നാണ്. ഇതിന് സ്വർണ്ണ നിറമാണ്. അത് കണ്ണുകൾക്കിടയിൽ ആരംഭിച്ച് കഴുത്തിന്റെ അറ്റത്ത് ഇടുങ്ങിയ “V” ആകൃതിയിൽ അവസാനിക്കുന്നു. ചിലപ്പോൾ മുകളിലെ തോളിൽ വരെ നീളുന്നു. അതിന്റെ മുഖം, പുരികം, തൊണ്ട എന്നിവയുടെ വശങ്ങൾ കറുത്തതാണ്. കഴുത്തിന്റെയും മുകൾഭാഗത്തിന്റെയും വശങ്ങൾ മെറൂൻ. ഈ മെറൂൺ രോമങ്ങൾ തവിട്ട് കലർന്ന കറുപ്പിലേക്ക് മാറുന്നു, അത് പിന്നിൽ ചുവപ്പ് കലർന്ന തവിട്ടു നിറത്തിലേക്കും. അതിന്റെ വെൻട്രൽ (വയറു) വശത്ത്, രോമങ്ങൾ പൊതുവെ കറുത്തതാണ്. എന്നിരുന്നാലും കഴുത്തിന്റെ മുൻഭാഗത്ത് ഒരു മെറൂൺ നിറവും അതിന്റെ വയറിൽ മഞ്ഞ രോമങ്ങളും ഉണ്ടായിരിക്കാം. ഇതിന്റെ പിൻകാലുകൾ തവിട്ട് കലർന്ന കറുത്ത രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, ചിറകുകൾക്ക് ഇളം തവിട്ടുനിറവുമാണ്.