പാലക്കാട്: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിൽ ഒരു മൊട്ടുസൂചി സഹായം പോലും സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ. പ്രകൃതി ദുരന്തത്തിന് ശേഷം വയനാട്ടിൽ നടന്ന സംസ്ഥാന സർക്കാരിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് ശരിയായി പരിശോധിക്കാൻ കോൺഗ്രസും പ്രതിപക്ഷവും തയ്യാറായിട്ടില്ല. കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കാനായിരുന്നു വിഡി സതീശന് താൽപര്യമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പാലക്കാട് നവമാദ്ധ്യമങ്ങൾക്കും ഓൺലൈൻ മാദ്ധ്യമങ്ങൾക്കുമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പ്രകൃതിദുരന്തം ഉണ്ടായി. ആ ദുരന്തം ഉണ്ടാകാൻ എന്താണ് കാരണമെന്ന് കോൺഗ്രസോ യുഡിഎഫോ ചിന്തിക്കുന്നുണ്ടോ? ആ വസ്തുതകൾ ഏതെങ്കിലും മനസിലാക്കി സംസാരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാണോ. വയനാട് ദുരന്തം കഴിഞ്ഞ് നാളിതുവരെയായിട്ടും പുനരധിവാസം ഒരിഞ്ചു നീങ്ങിയിട്ടില്ല. നിയമസഭയിൽ ഇത് ചർച്ച ചെയ്യാനും യുഡിഎഫ് തയ്യാറായില്ല. അവിടെയും കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപെടാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
1200 പേർക്ക് വീട് വെച്ചു കൊടുക്കാനുളള സ്‌പോൺസർമാർ വന്നു. ഒറ്റയ്‌ക്കെങ്കിലും അവരുമായി സർക്കാർ ചർച്ച നടത്തിയോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. എങ്ങനെയാണ് വീട് വയ്‌ക്കാൻ ഉദ്ദേശിക്കുന്നതെന്നോ സ്ഥലം എങ്ങനെ കണ്ടെത്തുമെന്നോ സർക്കാർ അന്വേഷിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പുത്തുമലയിൽ നടന്ന പുനരധിവാസത്തിൽ ചോർന്നൊലിക്കുന്ന വീടുകൾ നൽകിയെന്ന പരാതി നിലനിൽക്കുന്നുണ്ടെന്നും അതിനിടയിലാണ് ഇത്ര ലാഘവത്തോടെ വീണ്ടും കാര്യങ്ങൾ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വയനാട്ടിൽ ജനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്‌നം ചർച്ചയാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. പ്രിയങ്ക മത്സരിക്കുന്ന മണ്ഡലത്തിൽ പാർട്ടിയുടെ നിലപാട് ഇതാണ്. ഭർത്താവും മകനും കുടുംബാംഗങ്ങളെയും എല്ലാം കൊണ്ടുവന്ന് വിനോദസഞ്ചാരികൾ വരുന്നതുപോലെ പ്രിയങ്ക വന്ന് നാമനിർദ്ദേശപത്രിക നൽകി. പാർട്ടി അദ്ധ്യക്ഷൻ ഖാർഗെയെ വാതിൽപഴുതിലൂടെ നോക്കേണ്ടി വന്ന ഗതികേട് എന്ത് രാഷ്‌ട്രീയമാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.















