പൂനെ: ന്യൂസിലാൻഡിനെതിരായ പൂനെ ടെസ്റ്റിലും ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 60.2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 113 റൺസിനാണ് ന്യൂസിലാൻഡിന്റെ വിജയം. 12 വർഷത്തിനിടെ ആദ്യമായിട്ടാണ് സ്വന്തം നാട്ടിൽ ഇന്ത്യയ്‌ക്ക് പരമ്പര കൈവിടേണ്ടി വന്നത്.
ആദ്യ ടെസ്റ്റിലേത് പോലെ ബാറ്റിംഗിലെ തകർച്ചയായിരുന്നു രണ്ടാം ടെസ്റ്റിലും ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 13 വിക്കറ്റുകൾ നേടിയ മിച്ചൽ സാന്റ്‌നെർ ആണ് ഇന്ത്യയെ കറക്കി വീഴ്‌ത്തിയത്. 157 റൺസ് മാത്രം വിട്ടുകൊടുത്താണ് മിച്ചൽ സാന്റ്‌നെർ 13 വിക്കറ്റുകൾ വീഴ്‌ത്തിയത്.
ഒന്നാമിന്നിംഗ്‌സിൽ 259 റൺസെടുത്ത ന്യൂസിലാൻഡ് രണ്ടാമിന്നിംഗ്‌സിൽ 255 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 156 റൺസിന് പോരാട്ടം അവസാനിപ്പിച്ച ഇന്ത്യയ്‌ക്ക് രണ്ടാമിന്നിംഗ്‌സിലും കാര്യമായി ഒന്നും ചെയ്യാനായില്ല. 77 റൺസ് നേടിയ യശ്വസി ജയ്‌സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. രോഹിത് ശർമ്മ എട്ട് റൺസിനും വിരാട് കൊഹ്ലി 17 റൺസിനും രണ്ടാമിന്നിംഗ്‌സിൽ പുറത്തായി. ശുഭ്മാൻ ഗില്ല് 31 പന്തിൽ 23 റൺസെടുത്തു.
84 പന്തിലാണ് രവീന്ദ്ര ജഡേജ 42 റൺസെടുത്തത്. രവിചന്ദ്രൻ അശ്വിൻ 18 റൺസെടുത്തു. ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടി മികച്ച പ്രകടനം നടത്തിയ സർഫറാസ് ഖാന് ഇത്തവണ രണ്ടാമിന്നിംഗ്‌സിൽ ഒൻപത് റൺസിന് മടങ്ങേണ്ടി വന്നു. മിച്ചൽ സാന്റ്‌നെർ ആണ് സർഫറാസ് ഖാന്റെ വിക്കറ്റ് വീഴ്‌ത്തിയത്.
ഇന്ത്യയിൽ വന്നിട്ടുളള വിദേശ ബൗളർമാരുടെ മികച്ച പ്രകടനങ്ങളിൽ മൂന്നാമതാണ് മിച്ചലിന്റെ ബൗളിംഗ് പ്രകടനം. ന്യൂസിലാൻഡിന് ഇന്ത്യയിൽ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. 1955 ലാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനത്തിന് എത്തുന്നത്. അന്ന് മുതൽ ഇതുവരെ ഒരു പരമ്പരയും നേടാൻ കഴിഞ്ഞിരുന്നില്ല.















