താരങ്ങളുടെ പഴയകാല ചിത്രങ്ങൾ എപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന ഇത്തരം അപൂർവ്വ ചിത്രങ്ങൾ ദിവസങ്ങളോളം ട്രെൻഡിംഗായി നിറയുകയും ചെയ്യും. താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാനും അഭിപ്രായം പങ്കുവയ്‌ക്കാനുമൊക്കെ ആരാധകർക്കും ഏറെ താത്പര്യമാണ്. അത്തരത്തിൽ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന ഒരു ചുള്ളൻ പയ്യൻ. അമ്പത് വർഷം മുമ്പ് ആദ്യമായി അഭിനയിച്ച നാടകത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളേജിലെ ബെസ്റ്റ് ആക്ടർ എന്ന വിശേഷണവും ഈ കലാകാരന് ലഭിച്ചു. പിന്നീട് അഭിനയ ജീവിതത്തിലേക്കുള്ള വലിയൊരു പടയോട്ടം തന്നെയായിരുന്നു ഇദ്ദേഹം കാഴ്ചവച്ചത്. തെലുങ്ക് സിനിമാ മേഖലയിലെ ഇതിഹാസ താരമായ ചിരഞ്ജീവിയുടേതാണ് ചിത്രം. ചിരഞ്ജീവി തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചതിന്റെ 50 വർഷം ആഘോഷിക്കുകയാണ് ചിരഞ്ജീവി. ഈ സന്തോഷത്തോടനുബന്ധിച്ചാണ് തന്റെ പഴയകാല ചിത്രം താരം പങ്കുവച്ചത്. 1974-ൽ രംഗസ്ഥലം എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ചിരഞ്ജീവി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒരു നടൻ എന്ന നിലയിൽ തനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരമായിരുന്നു ഇതെന്നും അമ്പത് വർഷത്തെ അഭിനയ ജീവിതത്തിന്റെ തുടക്കമായിരുന്നു ഈ അവാർഡെന്നും ചിരഞ്ജീവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൊനിഡെല ശിവശങ്കര വരപ്രസാദ് എന്നാണ് ചിരഞ്ജീവിയുടെ യഥാർത്ഥ പേര്.