തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്ലാം അപകടമാണെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്. ഇന്ത്യയെ വിഘടിപ്പിക്കാനും രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണ് പൊളിറ്റിക്കൽ ഇസ്ലാം ശ്രമിക്കുന്നത്. അതാണ് എതിർക്കപ്പെടേണ്ടതെന്ന് പി.സി ജോർജ് ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങളെയല്ല തങ്ങൾ എതിർക്കുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിനോടാണ് വിയോജിപ്പെന്നും അത് രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അപകടമാണെന്നും പി.സി ജോർജ് പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടനയെ ബഹുമാനിക്കുന്ന മുസൽമാൻ സഹോദരങ്ങളോട് ക്രിസ്ത്യാനികൾക്ക് ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് സർക്കാരുകൾ വരുത്തിയ നിയമഭേദഗതിയാണ് വഖഫ് നിയമം ഇത്ര വഷളാക്കിയത്. നിലവിലെ വഖഫ് നിയമം ഇന്ത്യൻ ഭരണഘടനയ്‌ക്ക് മുകളിൽ നിൽക്കുന്നതാണ്. ക്രിസ്ത്യാനികളുടെ സ്ഥാപനങ്ങളിൽ ഇന്ത്യൻ ഭരണഘടനയ്‌ക്ക് വിരുദ്ധമായി ഒന്നും നടക്കില്ല, അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുകയുമില്ല, അതിന് നിയമം അനുവദിക്കുന്നുമില്ല. ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പ്രത്യേകം ബോർഡിന്റെ ആവശ്യമില്ല. ഭരണഘടനയേയും ഭരണാധികാരികളെയും സർക്കാർ ഉത്തരവുകളെയും അംഗീകരിച്ചാണ് ക്രിസ്ത്യാനികൾ മുന്നോട്ടുപോകുന്നതെന്നും പി.സി ജോർജ് പ്രതികരിച്ചു.
ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണമെന്ന ആവശ്യവുമായി ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോഡിനേഷൻ കമ്മിറ്റി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പി.സി ജോർജിന്റെ പ്രതികരണം. ദേവസ്വം ബോർഡും വഖഫ് ബോർഡും പോലെ, കേന്ദ്രസംസ്ഥാന സർക്കാരിന്റെ അധീനതയിൽ ക്രൈസ്തവ സമുദായത്തിനും ബോർഡ് രൂപീകരിക്കണമെന്നാണ് മഹല്ല് കമ്മിറ്റിയുടെ ആവശ്യം.















