ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്കെതിരെ ഭീഷണി നടത്തിയ 25-കാരനാണ് അറസ്റ്റിലായത്. ഉത്തംനഗർ സ്വദേശിയായ ശുഭം ഉപാദ്യായ് ആണ് പ്രതി. രണ്ട് വിമാനങ്ങൾക്കെതിരെ ആയിരുന്നു ഇയാൾ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.
നുണബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട വാർത്തകൾ ടിവിയിൽ റിപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് താനും വ്യാജബോംബ് ഭീഷണി നടത്തിയതെന്ന് യുവാവ് പ്രതികരിച്ചു. 12-ാം ക്ലാസ് പാസായ തൊഴിൽരഹിതനാണ് പ്രതി. ഇയാൾക്കെതിരെ സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ (എസ്‌യുഎ എസ്‌സിഎ) ആക്‌ട്, ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സമാനവിഷയത്തിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡൽഹി പൊലീസ് എട്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നൂറോളം ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് നേരെ ഉയർന്ന വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ടാണിത്.















