ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ‘മൻ കി ബാത്തിനെ’ കുറിച്ചുള്ള പുസ്തകവുമായി യുകെ ആസ്ഥാനമായുള്ള ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അശ്വിൻ ഫെർണാണ്ടസ്. ‘മോഡയലോഗ്’ (Modialogue) എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് നൽകി പ്രകാശനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ പ്രസക്തഭാഗങ്ങളും അവയുടെ സ്വാധീനത്തെയും ആഘോഷിക്കപ്പെടുന്നതാണ് ‘Modialogue’. വെറുമൊരു റേഡിയോ പരിപാടിയിൽ നിന്ന് ദേശീയ സംവാദത്തിനുള്ള വേദിയാക്കി മൻ കി ബാത്തിനെ പരിവർത്തനപ്പെടുത്തിയ പ്രധാനമന്ത്രിയുടെ ആശയവിനിമയ തന്ത്രത്തിന്റെ ഉൾക്കാഴ്ചയാണ് പുസ്തകം പരിശോധിക്കുന്നത്. വിവിധ തലങ്ങളിലുള്ളവരെ ഒരുപോലെ ബന്ധിപ്പിക്കാനും പൗരന്മാരുടെ ആശയങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കിടാൻ ഇടം നൽകിയതിൽ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട് രൂപപ്പെട്ടതെന്ന് അശ്വിൻ പറഞ്ഞു. ദേശീയ അവബോധത്തെ കുറിച്ചുള്ള പുത്തൻ കാഴ്ചപ്പാടുകൾ പങ്കുവയ്‌ക്കുകയാണ് അശ്വിൻ ഫെർണാണ്ടസ്.
രാജ്യവ്യാപകമായി 4,200 പേരുടെ അഭിപ്രായങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവരെയും മൻ കി ബാത്ത് സ്വാധീനിക്കുന്നുവെന്ന് ഈ അഭിപ്രായ സർവേ വ്യക്തമാക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖരുടെ സംഭാവനകളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.