തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. സർക്കാരിന്റെ വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ വ്യക്തമാക്കി. പൂരത്തിന്റെ അന്ന് കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസങ്ങൾ ഉണ്ടായിരുന്നു. പൂരം കലങ്ങിയത് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല. തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കെ. ഗിരീഷ്‌കുമാർ പറഞ്ഞു.
പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും സമാന അഭിപ്രായം പങ്കുവച്ചു. ജനങ്ങൾക്ക് വടക്കുംനാഥന്റെ തിരുമുൻപിൽ എത്താൻ വളരെയധികം ബുദ്ധിമുട്ടുണ്ടായി. പൂരാസ്വാദകർ ഏറെ പ്രയാസം അനുഭവിച്ചു. എഴുന്നള്ളിപ്പുകളെ പലഘട്ടത്തിലും തടയുകയും ചെയ്തിരുന്നു. പൂരം കലക്കിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പൂരം ചിട്ടയായി നടക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചു. ഉദ്യോഗസ്ഥൻമാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാല കത്തിയ സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടും ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പ്രതികരിച്ചു.
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകിയതേയുള്ളൂ എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. ആചാരപരമായ ചടങ്ങുകൾ ഒന്നുംതന്നെ നടക്കാതെ പോയിട്ടില്ല, വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ചെയ്തത്. ഇതോടെ പൂരം കലക്കൽ? എന്തിനാണ് ഇത്തരം കള്ളപ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.