ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇന്ത്യയിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണം. ഡിജിറ്റൽ അറസ്റ്റ് പോലെ പലതും പറഞ്ഞ് ഫോൺകോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുതെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് വിധേയമായാൽ നാഷണൽ സൈബർ ഹെൽപ് ലൈനിൽ ഉടൻ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. നരേന്ദ്രമോദിയുട പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 115-ാമത് പതിപ്പിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
സൈബർ തട്ടിപ്പുകളെക്കുറിച്ച് മൻ കി ബാത്തിൽ സംസാരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. കാരണം ഓരോ പൗരന്മാരും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സിബിഐ, ആർബിഐ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവയിൽ ഏതെങ്കിലുമൊരു ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാകും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ ബന്ധപ്പെടുക. പൊലീസുകാരാണെന്ന ഭാവേന അവർ വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കും. തട്ടിപ്പിന്റെ ആദ്യ ഘട്ടത്തിൽ അവർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടാകും. അതുമല്ലെങ്കിൽ നിങ്ങളിൽ നിന്ന് തന്നെ അത്തരം വിവരങ്ങൾ അവർ ചോദിച്ച് മനസിലാക്കും. രണ്ടാം ഘട്ടത്തിൽ അവർ നിങ്ങളെ ഭയപ്പെടുത്താൻ തുടങ്ങും. നിങ്ങളെ ചിന്തിക്കാൻ പോലും അനുവദിക്കാത്ത വിധത്തിൽ നിങ്ങളിൽ അവർ സമ്മർദ്ദം ചെലുത്തും. മൂന്നാം ഘട്ടത്തിൽ സമയത്തെ ചൊല്ലി നിങ്ങളിൽ സമ്മർദ്ദമുണ്ടാക്കും. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായവരിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും എല്ലാ പ്രായത്തിലുള്ളവരുമുണ്ട്. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ ലക്ഷക്കണക്കിന് രൂപ ഇതിനോടകം നിരവധി പേർക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു.
ഇതുപോലെ എന്തെങ്കിലും കോളുകൾ വന്നാൽ ഒരിക്കലും ഭയപ്പെടരുത്. ഒരു അന്വേഷണ ഏജൻസിയും ഇതുപോലെ നിങ്ങളെ സമീപിക്കുകയില്ല എന്ന കാര്യം നിങ്ങൾ എപ്പോഴും ഓർക്കണം. ഫോണിൽ വിളിച്ച്, വീഡിയോ കോൾ നടത്തി. ഒരു പൊലീസും ചോദ്യം ചെയ്യൽ നടത്തില്ല. ഇതുപോലെ ഏതെങ്കിലും ഫോൺ കോളുകളോ സന്ദേശമോ ലഭിച്ചാൽ ഉടൻ സ്ക്രീൻഷോട്ട് എടുക്കുകയോ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യാം. ഒരു സർക്കാർ ഏജൻസിയും ഇതുപോലെ ഫോൺ കോൾ ചെയ്യുകയില്ലെന്നും പണം ആവശ്യപ്പെടില്ലെന്നും എപ്പോഴും ഓർക്കുക. – പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിലവിൽ ഇന്ത്യൻ നിയമത്തിലില്ല. ഇത് വെറും തട്ടിപ്പ് മാത്രമാണ്. ഇത് ചെയ്യുന്നവർ കുറ്റവാളികളാണ്. അവർ സമൂഹത്തിന്റെ ശത്രുക്കളാണ്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ നേരിടാൻ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് വിവിധ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനായി നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും നരേന്ദ്രമോദി അറിയിച്ചു.















