ജനറൽ ആശുപത്രിയിൽ അതിക്രമിച്ച് കടന്നുവെന്ന പരാതിയിൽ ആലപ്പുഴ നഗരസഭ വൈസ് ചെയർമാനടക്കമുള്ളവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ. എന്നാൽ വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ നേതാക്കൾ തയാറായില്ല.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. 52 പേരിൽ 9 കൗൺസിലർമാരാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും പരിപാടി ബഹിഷ്കരിച്ചു. വൈസ് ചെയർമാൻ ഉൾപ്പടെയുള്ളവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഡ്യൂട്ടി ഡോക്ടറുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹുസൈൻ ഉൾപ്പടെയുള്ളവർ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കടന്ന് ഡ്യൂട്ടി തടസപ്പെടുത്തിയെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി.















