ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിക്കുന്ന പരാമർശങ്ങളുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസികൾക്ക് മാത്രം ദീപാവലി ആശംസ നേർന്നാണ് അദ്ദേഹം വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ ബിജെപി രൂക്ഷ വിമർശനമുന്നയിച്ചു.
പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിലാണ് ഡിഎംകെ അനുയായികൾക്ക് ഉപമുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നത്. “നമ്മുടെ (ഡിഎംകെ) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. വിശ്വാസികൾക്കും ആഘോഷിക്കുന്നവർക്കും ദീപാവലി തിരുനാൾ ആശംസകൾ,” അദ്ദേഹം പറഞ്ഞു.
ഉദയനിധിയുടെ ആശംസയെ വിമർശിച്ച് ബിജെപി നേതാവ് നാരായണൻ തിരുപ്പതി രംഗത്തെത്തി. “വിശ്വാസികൾ അല്ലാത്തവർ നരകാസുരനെപോലെ ജീവിക്കാൻ ആശംസിക്കുന്നു” എന്നാണ് അദ്ദേഹം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.
സാധാരണയായി യുക്തിവാദം പിന്തുടരുന്ന ഡിഎംകെ ഇത്തരം ആചാരങ്ങൾക്കോ ആഘോഷങ്ങൾക്കോ ജനങ്ങൾക്ക് ആശംസകൾ നേരുന്ന പതിവില്ല. അന്തരിച്ച മുതിർന്ന ഡിഎംകെ നേതാവ് എം കരുണാനിധിയും ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നിട്ടില്ല. ഈ പതിവ് തെറ്റിച്ചുകൊണ്ടാണ് ഉദയനിധിയുടെ ആശംസ. അടുത്തിടെ ഉപമുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ കഴിഞ്ഞ വർഷവും ഹിന്ദു മത വിശ്വാസങ്ങളെ അപമാനിച്ചുകൊണ്ടുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. സനാതന ധർമ്മത്തെ പകർച്ചവ്യാധികളോടുപമിച്ച ഉദയനിധിയുടെ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നത്.















